രോഗത്തെ പൊരുതിത്തോൽപിച്ചവരുടെ കഥകളുമായി ‘എച്ച് ഫോർ ഹോപ്’
Mail This Article
അബുദാബി ∙ സങ്കീർണ രോഗാവസ്ഥകളെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ചവരുടെ അനുഭവങ്ങൾക്ക് ദൃശ്യാവിഷ്‌ക്കാരമൊരുക്കി യുഎഇയിലെ ആദ്യ ഹെൽത്ത് കെയർ വിഡിയോ സീരീസ് (എച്ച് ഫോർ ഹോപ്) പുറത്തിറക്കി. അബുദാബി ഗ്ലോബൽ ഹെൽത്ത് കെയർ വീക്കിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സീരീസ് ബുർജീൽ മെഡിക്കൽ സിറ്റിയാണ് നിർമിച്ചത്. ഇതിന്റെ ഭാഗമായുള്ള 5 ഹ്രസ്വചിത്രങ്ങൾ അബുദാബി അൽഖനയിൽ പ്രദർശിപ്പിച്ചു.
ഡോക്ടർമാരുടെ കൈപിടിച്ചു ജീവിതത്തിലേക്കു തിരിച്ചുവന്നവർ വേദനകളിൽ നിന്ന് പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കൽ കൂടി കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. രോഗികളുടെയും ഡോക്ടർമാരുടെയും അപൂർവവും സങ്കീർണവുമായ അനുഭവങ്ങൾ കാണികളെ പിടിച്ചിരുത്തി. കഥാപാത്രങ്ങൾക്കും കുടുംബാംഗങ്ങൾക്കും റെഡ് കാർപെറ്റ് സ്വീകരണവും ഒരുക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും ചിത്രം കാണാൻ എത്തി. ഗർഭസ്ഥ ശിശുവിന് സ്‌പൈന ബിഫിഡ എന്ന സങ്കീർണ രോഗാവസ്ഥ കണ്ടെത്തിയപ്പോൾ ദമ്പതികളുടെ പ്രയാസവും പിന്നീട് ഗർഭസ്ഥശിശുവിന് ശസ്ത്രക്രിയ നടത്തുന്നതും മാസങ്ങൾക്കു ശേഷം കുഞ്ഞ് ആരോഗ്യത്തോടെ ജനിച്ചപ്പോഴുമുള്ള സന്തോഷം തുടങ്ങി വ്യത്യസ്ത വികാരങ്ങളാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
സിക്കിൾ സെൽ രോഗബാധിതനും ഫുട്ബോൾ പ്രേമിയുമായ കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവാണ് മറ്റൊരു ചിത്രം. മലയാളി ഡോക്ടർ സൈനുൽ ആബിദീൻ സലീമിന്റെ നേതൃത്വത്തിൽ നടത്തിയ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഫുട്ബോൾ മൈതാനത്തേകുള്ള കുട്ടിയുടെ തിരിച്ചുവരവ് ഹർഷാരവത്തോടെയാണ് കാണികൾ വരവേറ്റത്. മെഡിക്കൽ രംഗത്തെ മുന്നേറ്റത്തോടൊപ്പം പ്രത്യാശയുടെ പ്രതീകമാണ് സീരീസിലെ ഓരോ അനുഭവങ്ങളുമെന്ന് ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. ബുർജീൽ മെഡിക്കൽ സിറ്റിയുടെ യൂട്യൂബ് ചാനലിലൂടെ സീരീസ് കാണാം.