കേരളത്തിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പിന്റെ ആദ്യ ഹജ് സംഘം മക്കയിലെത്തി
Mail This Article
മക്ക ∙ സ്വകാര്യ ഹജ് ഗ്രൂപ്പ് വഴി കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് സംഘം മക്കയിലെത്തി. കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നുമുള്ള 204 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. മക്കയിലെത്തിയ ഹാജിമാരെ മക്ക കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരിച്ചു.
കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആദ്യം പുണ്യഭൂമിയിലെത്തിയത്. 102 തീർഥാടകരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് 3.30നാണ് ജിദ്ദ കിങ് അബ്‌ദുൽ അസീസ് വിമാനത്താവളത്തിൽ എത്തിയത്. വൈകിട്ട് ഏഴ് മണിയോടെ ബസ് മാർഗം ഇവരെ മക്കയിലെത്തിച്ചു. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ 102 തീർഥാടകരും ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലെത്തി.
സ്വകാര്യ ഗ്രൂപ്പ് വഴി 35,005 ഹാജിമാർക്കാണ് ഈ വർഷം അവസരം ലഭിച്ചത്. മക്കയിലെത്തുന്ന ആദ്യ സ്വകാര്യ ഗ്രൂപ്പ് തീർഥാടകർ ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കും.
ആദ്യ മലയാളി ഹജ് സംഘത്തിന് നൽകിയ ഊഷ്മള സ്വീകരണത്തിന് കെഎംസിസി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ഉപാധ്യക്ഷൻ സുലൈമാൻ മാളിയേക്കൽ, നാഷനൽ കെഎംസിസി ഹജ് സെൽ ജനറൽ കൺവീനർ മുജീബ് പൂകോട്ടൂർ, മുസ്‌തഫ മുഞ്ഞക്കുളം, മുസ്‌തഫ മലയിൽ, നാസർ കിൻസാറ, സൽസബീൽ എന്നിവർ നേതൃത്വം നൽകി.