8,000 കിലോമീറ്റർ, പതിമൂന്ന് രാജ്യങ്ങൾ; കാൽനടയായി മദീനയിലെത്തി ഫ്രഞ്ച് സഞ്ചാരി
Mail This Article
മദീന ∙ 8,000 കിലോമീറ്റർ, പതിമൂന്ന് രാജ്യങ്ങൾ കാൽനടയായി ഫ്രഞ്ച് സഞ്ചാരി മദീനയിലെത്തി. മുഹമ്മദ് ബൗലാബിയറാണ് പാരീസിൽ നിന്നും കിലോമീറ്ററുകൾ താണ്ടി മദീനയിൽ എത്തിയത്. നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും മക്കയിലെത്തുക എന്ന ആഗ്രഹത്തിൽനിന്ന് പിറകോട്ടുപോകാൻ ഇദ്ദേഹം തയാറായിരുന്നില്ല.
ഫ്രാൻസിൽ നിന്ന് ആരംഭിച്ച യാത്ര, സ്വിറ്റ്സർലൻഡ്, ഇറ്റലി, സ്ലോവേനിയ, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, അൽബേനിയ, മാസിഡോണിയ, ഗ്രീസ്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ കടന്നുപോയി.
യാത്രയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥയായിരുന്നുവെന്ന് ബൗലാബിയർ പറയുന്നു. കൊടുങ്കാറ്റും ഇടിമുഴക്കവും നേരിട്ടു. യാത്രയുടെ ഒരു ഘട്ടത്തിൽ കനത്ത മഞ്ഞുവീഴ്ചയെ അഭിമുഖീകരിച്ചു. ഗ്രീക്ക് അതിർത്തിയിൽ ഒരാഴ്ച കുടുങ്ങി. 40 ഡിഗ്രി ചൂടിൽ നടന്നു, ദൈവത്തിന് നന്ദി, എല്ലാം നന്നായി നടന്നു, ഇവിടെ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്.
ബൗലാബിയർ ഏറെ നാളുകളായി യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു. ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു മക്കയിലേക്കും മദീനയിലേക്കും വരിക എന്നത്. സൗദി ജനതയെ കണ്ടുമുട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഇത് എന്റെ ആദ്യ ഗൾഫ് സന്ദർശനമാണ്. ഊഷ്മളമായ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. ആളുകൾ ഭക്ഷണവും പാനീയവും നീട്ടി എന്നെ സ്വീകരിച്ചു. ചിലർ അവരുടെ കൂടെ രാത്രി താമസിക്കാൻ ക്ഷണിച്ചു. 2023 ഓഗസ്റ്റ് 27 ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നാണ് യാത്ര ആരംഭിച്ചത്.