മലയാളി സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ആന്ധ്ര സ്വദേശിനി നാട്ടിലേക്ക് മടങ്ങി
Mail This Article
മനാമ ∙ വീസ കാലാവധി കഴിഞ്ഞ് ബഹ്‌റൈനിൽ രോഗാവസ്‌ഥയിൽ കഴിയുകയായിരുന്ന ആന്ധ്ര സ്വദേശിനിയായ പോസമ്മ ബഹ്‌റൈൻ മലയാളികളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. സാംസ്കാരിക സംഘടനയായ പ്രതിഭയുടെ സഹായത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്. വർഷങ്ങൾക്ക് മുൻപ് വിസിറ്റ് വീസയിലാണ് ഇവർ ബഹ്റൈനിലേക്ക് എത്തിയത്.
തൊഴിൽ തേടിയുള്ള പരക്കംപാച്ചിലിൽ അവർക്ക് 'ലഭിച്ചത് അറബിയുടെ വീട്ടിൽ ഗദ്ദാമ ജോലി. ദീർഘനാൾ ജോലി ചെയ്ത് കൊണ്ടിരിക്കെ അവർ വീണ് പരുക്കേൽക്കുകയും തുടർന്ന് വീട്ടുകാർ പോസമ്മയെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കാൽമുട്ടിന് സർജറി നടത്തിയതോടെ നടക്കാനോ ജോലി ചെയ്യാനോ കഴിയാതെ രണ്ട് മാസം ജോലി ചെയ്ത സ്വദേശിയുടെ വീട്ടിൽ തന്നെ കഴിയേണ്ടി വന്നു. എന്നാൽ ജോലി ചെയ്യാൻ സാധിക്കാത്ത പോസമ്മയെ വീട്ടുകാർ നിർബന്ധിച്ച് മറ്റൊരു ആന്ധ്ര സ്വദേശിയുടെ സഹായത്തോടെ ഹൂറയിലുള്ള വീട്ടുജോലിക്കാരികൾ താമസിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റി.
പോസമ്മയെ ഇവിടെ കൊണ്ടുവന്ന ആന്ധ്ര സ്വദേശിയെ കുറിച്ച് പിന്നീട് വിവരമില്ലാതയപ്പോൾ പോസമ്മയുടെ സംരക്ഷണവും പരിചരണവും വീട്ടുജോലിക്കാരിയായ മലയാളി യുവതി ബിന്ദു ഏറ്റടുക്കുകയായിരുന്നു.
നടക്കാനും ജോലിക്ക് പോകാനും കഴിയാത്ത പോസമ്മയുടെ വീസയുടെ കാലാവധി അവസാനിച്ചിരുന്നു. ഭീമമായ പിഴ ഒടുക്കാൻ കഴിയാത്തതിനാൽ നാട്ടിലേക്ക് പോകുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലുമായി. ബിന്ദുവിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗവുമായ സുബൈർ കണ്ണുരിന്റെറെ നിർദ്ദേശ പ്രകാരം പ്രതിഭ ഹെൽപ് ലൈൻ ഭാരവാഹികളായ അബുബക്കർ പട്ട്ള, ഗീത വേണുഗോപാൽ, എന്നിവർ ഇവരെ താമസ സ്ഥലത്ത് സന്ദർശിച്ചു.
താമസ രേഖകൾ ഇല്ലാതെ രാജ്യത്ത് തങ്ങിയതിനുള്ള പിഴയി ഇളവ് കിട്ടാൻ പോസമ്മയെ വീൽ ചെയറിൽതന്നെ എമിഗ്രേഷനിൽ എത്തിച്ച് അവരുടെ ആരോഗ്യസ്‌ഥിതി നേരിട്ട് അധികൃതരെ ബോധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ അധികൃതർ യാത്രാ രേഖകൾ ശരിയാക്കികൊടുക്കുകയുംപിഴ സംഖ്യ ഒഴിവാക്കി നൽകുകയും ചെയ്തു. തുടർന്ന് ഹൈദരാബാദിലേക്കുള്ള വിമാന ടിക്കറ്റ് പ്രതിഭ ഭാരവാഹികൾ നൽകിയതോടെ പോസമ്മയുടെ മടക്കയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിക്കിട്ടുകയായിരുന്നു. പോസമ്മ പ്രതിഭ പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തി.