പലസ്തീൻ ഇസ്രയേൽ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അറബ് ലീഗ് ഉച്ചകോടി
Mail This Article
മനാമ∙ പലസ്തീൻ ഇസ്രയേൽ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് രാജ്യാന്തര സമൂഹത്തോട് ആഹ്വാനവുമായി ബഹ്‌റൈനിൽ തലസ്ഥാനമായ മനാമയിൽ 33-ാമത് അറബ് ലീഗ് ഉച്ചകോടി ആരംഭിച്ചു. ഇതിനുള്ള ദ്വിരാഷ്ട്ര പരിഹാരം ഉടനടി നടപ്പാക്കാൻ തുടങ്ങണമെന്ന് പലസ്തീൻ പ്രസിഡന്‍റ‌് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.
പലസ്തീനികളുടെ കുടിയിറക്കം നിരസിക്കുന്നതും നക്ബയുടെ ദുരന്തത്തിന്‍റെ ആവർത്തനവും അദ്ദേഹം ആവർത്തിച്ചു. ഗാസയിലെ യുദ്ധക്കുറ്റങ്ങളും വംശഹത്യയും ഏഴ് മാസമായി അമേരിക്കയുടെ മറവിൽ തുടരുകയാണ്. രാജ്യാന്തര സമവായത്തിന് എതിരായി അമേരിക്ക വീറ്റോ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം നിർത്തലാക്കാനും പലസ്തീന് യുഎൻ അംഗത്വം ലഭിക്കാതിരിക്കാനും യുഎസ് നാല് തവണ വീറ്റോ ഉപയോഗിച്ചു. വിഭജനം അവസാനിപ്പിക്കാൻ ഹമാസിന്‍റെ വിസമ്മതം ഇസ്രായേലിന്‍റെ താൽപര്യമാണ്. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ സൈനിക നടപടി ഇസ്രായേലിന് ഗാസ മുനമ്പിൽ ആക്രമണം നടത്താനും നശിപ്പിക്കാനും കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉച്ചകോടിക്കായി അറബ്, ലോക നേതാക്കൾ മനാമയിൽ എത്തിക്കൊണ്ടിരിക്കുന്നു. ഗാസയ്‌ക്കെതിരായ ഇസ്രയേൽ സംഘർഷം തടയാൻ സഹായിക്കുന്നതിന് സമവായത്തിലെത്തുകയാണ് ഇപ്രാവശ്യത്തെ ഉച്ചകോടിയുടെ പ്രധാന ഉദ്ദേശ്യം. പ്രധാനമന്ത്രി കൂടിയായ ബഹ്‌റൈൻ കിരീടാവകാശി ഷെയ്ഖ് സൽമാൻ ബിൻ ഹമദ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രസിഡന്‍റ‌് അബ്ദുൽ ലത്തീഫ് റാഷിദ്, ഈജിപ്ഷ്യൻ പ്രസിഡന്‍റ‌് അബ്ദുൽ ഫത്താഹ് എന്നിവർ ഇതിനകം മനാമയിൽ എത്തിക്കഴിഞ്ഞു. സിറിയൻ പ്രസിഡന്‍റ‌് ബാഷർ അൽ അസദിനെ ഹമദ് രാജാവിന്‍റെ വ്യക്തിഗത പ്രതിനിധിയും പരിസ്ഥിതി സുപ്രീം കൗൺസിൽ പ്രസിഡന്‍റുമായ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. ബഹ്‌റൈൻ രാജാവ് ഹമദിന്‍റെ മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് പലസ്തീൻ പ്രസിഡന്‍റ‌് മഹ്മൂദ് അബ്ബാസിനെ സ്വാഗതം ചെയ്തു. ഉച്ചകോടിയിൽ ഇസ്രായേലിനെതിരെ കടുത്ത നിലപാട് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച നടന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ മുന്നൊരുക്ക യോഗത്തിൽ പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൽ സമാധാന സമ്മേളനത്തിന് ആഹ്വാനം ചെയ്യുന്ന ബഹ്‌റൈൻ പ്രഖ്യാപനം അംഗീകരിക്കുന്നതിന് ഏകകണ്ഠമായി വോട്ട് രേഖപ്പെടുത്തി.
∙ 14,000-ത്തിലേറെ കുട്ടികൾ കൊല്ലപ്പെട്ടു; ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേറ്റു: ദക്ഷിണാഫ്രിക്കൻ അഭിഭാഷക
അതേസമയം, ഗാസയിലെ കുട്ടികളുടെ കഷ്ടപ്പാടുകൾ രാജ്യാന്തര നീതിന്യായ കോടതിയിൽ പറയുമ്പോൾ ദക്ഷിണാഫ്രിക്കൻ അഭിഭാഷക ആദില ഹാസിം വികാരഭരിതയായി. ഇസ്രയേലിന്‍റെ ആക്രമണം മൂലം 14,000-ത്തിലേറെ കുട്ടികൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ ജഡ്ജിമാരോട് പറഞ്ഞു. ഗാസയിലെ മിക്കവാറും എല്ലാ കുട്ടികളും ആക്രമണത്തിന് ഇരയായിട്ടുണ്ട്. ആ ഭീതിയും വേദനയും ജീവിതകാലം മുഴുവൻ അവരോടൊപ്പം ഉണ്ടായിരിക്കുമെന്നും അവർ പറഞ്ഞു.