ഐഐടി ഡൽഹി–അബുദാബി ക്യാംപസിൽ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ജൂൺ 3
Mail This Article
ദുബായ് ∙ ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബിടെക് എനർജി സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം. ഒരു ബാച്ചിൽ 30 സീറ്റാണുള്ളത്. കംബയിൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി), ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ ഉയർന്ന റാങ്ക് ഉള്ളവർക്കാണ് അഡ്മിഷൻ. പ്രവാസി ഇന്ത്യക്കാർക്കും യുഎഇ പൗരന്മാർക്കും രാജ്യാന്തര വിദ്യാർഥികൾക്കുമുള്ളതാണ് സിഎഇടി. സിഎഇടിക്ക് അപേക്ഷിക്കുന്നവർക്കു 12ാം ക്ലാസിൽ 75% മാർക്ക് നിർബന്ധം. 1999 ഒക്ടോബർ ഒന്നിനു ശേഷം ജനിച്ചവർക്കാണ് അർഹത. യുഎഇ ദേശീയ നയപ്രകാരം യോഗ്യതയുള്ളവർക്ക് 2 വർഷത്തെ ഇളവ് പ്രായത്തിന്റെ കാര്യത്തിൽ ലഭിക്കും.
പ്രവാസി ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കണമെങ്കിൽ യുഎഇയിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. കുറഞ്ഞത് 5 വർഷമെങ്കിലും പ്രവാസികളുമായിരിക്കണം. വിദേശ പൗരത്വമുള്ള ഇന്ത്യക്കാരെയും പരിഗണിക്കും. 2021 മാർച്ച് 4നു ശേഷം ഓവർസീസ് ഇന്ത്യൻ പൗരത്വം നേടിയവരെയാണ് രാജ്യാന്തര വിദ്യാർഥികളായി പരിഗണിക്കുക.
ജൂൺ 24ന് ആണ് സിഎഇടി പരീക്ഷ. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. 90 മിനിറ്റ് ദൈർഘ്യമുള്ള 3 പരീക്ഷകളാണുള്ളത്. രാവിലെ 8.30 – 10 ഫിസിക്സ്, 11.30 – 1 കെമിസ്ട്രി, 2.30 – 4 മാത്തമാറ്റിക്സ്. ഇംഗ്ലിഷിലാണ് ചോദ്യങ്ങൾ. സിഎഇടിക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 3വരെ റജിസ്റ്റർ ചെയ്യാം. ജൂൺ 14ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. ജൂൺ 23ന് പ്രവേശന പരീക്ഷ. 15 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കും. ഒഎംആർ ഷീറ്റുകളിലാണ് ഉത്തരങ്ങൾ നൽകേണ്ടത്. 300 ദിർഹം റജിസ്ട്രേഷൻ ഫീസായി നൽകണം. ഭിന്നശേഷിക്കാർക്ക് പരീക്ഷ എഴുതാൻ 30 മിനിറ്റ് അധികം ലഭിക്കും. സഹായിയെ ഉപയോഗിക്കാനും അനുവാദമുണ്ട്. യുഎഇ ആരോഗ്യവകുപ്പിന്റെ സാക്ഷ്യപത്രത്തോടൊപ്പം വേണം ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ. കൂടുതൽ വിവരങ്ങൾക്ക്: jeechair@admin.iitd.ac.in, jeevchair@admin.iitd.ac.in, ഫോൺ: +91-11-2659-1734/35.
ജെഇഇ അഡ്വാൻസ് പാസായവരുടെ യോഗ്യതാ മാനദണ്ഡങ്ങൾ https://jeeadv.ac.in/index.html എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഒരിക്കൽ ഐഐടിയിൽ പ്രവേശനം ലഭിച്ചിട്ട് ഉപേക്ഷിച്ചവർക്ക് അപേക്ഷിക്കാൻ കഴിയില്ല. ജൂലൈ– ഓഗസ്റ്റ് മാസം ക്ലാസുകൾ ആരംഭിക്കും.