കുവൈത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബയാൻ പാലസിൽ നടന്ന ചടങ്ങിനുശേഷം അമീറിന്റെ അധ്യക്ഷതയിൽ മന്ത്രിസഭ പ്രത്യേക യോഗം ചേർന്നു. കുവൈത്തിൽ പുതുയുഗപ്പിറവി യാഥാർഥ്യമാക്കാനുള്ള പരിഷ്കരണ നടപടികൾ തുടരുമെന്ന് അമീർ പ്രഖ്യാപിച്ചു.
പ്രവർത്തന പദ്ധതി തയാറാക്കി മുൻഗണനാക്രമം അനുസരിച്ച് പ്രാവർത്തികമാക്കണം. ദീർഘകാലമായി കാത്തിരിക്കുന്ന തന്ത്രപരമായ വികസന പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്താനും ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കാനും ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസ സമ്പ്രദായവും വികസിപ്പിക്കാനും സർക്കാരിനോട് അമീർ ആവശ്യപ്പെട്ടു.
പൊതുപണം ഉപയോഗിക്കുമ്പോൾ സുതാര്യത ഉറപ്പാക്കണം. സുസ്ഥിര സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് സാമ്പത്തിക – നിക്ഷേപ മേഖലകൾ വികസിപ്പിക്കുക, മനുഷ്യ മൂലധനത്തിൽ നിക്ഷേപം നടത്തുക, നവീകരണവും ശാസ്ത്രീയ ഗവേഷണവും പ്രോത്സാഹിപ്പിക്കുക, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുക, സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കുക, നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുക എന്നിവയാണ് അമീർ മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങൾ. ഏപ്രിൽ 4ന് നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അൽ സബാഹ് രാജിവച്ചിരുന്നു. തുടർന്നാണ് ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിനെ നിയമിച്ചത്.