ADVERTISEMENT

ദുബായ്∙  മമ്മൂട്ടി കമ്പനി ഒരു പുതിയ ചിത്രം പുറത്തിറക്കുമ്പോൾ അത് ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതായി നടൻ മമ്മൂട്ടി. ഈ വിശ്വാസമാണ് മമ്മൂട്ടി നിർമിക്കുന്ന ചിത്രങ്ങൾ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത് . ഇതോടെ ‌‌മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമകൾ  മികച്ചതാക്കുക  എന്നത് ചുമതലയായി മാറി. എങ്കിലും അണിയറപ്രവർത്തകരെ നോക്കിയും അല്ലാതെയും ചിത്രങ്ങൾ കാണാനും പ്രേക്ഷകരെത്തുന്നുണ്ട്.

വിജയം തലയിൽ കയറാതിരുന്നാൽ സമ്മർദ്ദമില്ലാതെ പുതിയ സിനിമകളെ സമീപിക്കാം. ഓരോ സിനിമയും തന്റെ ആദ്യ സിനിമയാണെന്ന രീതിയിലാണ് അഭിനയിക്കുന്നത്. കഴിഞ്ഞ 45 വർഷത്തിനിടയിൽ നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. വിജയവും പരാജയവും അനുഭവിച്ചിട്ടുണ്ട്. സിനിമയല്ലാതെ മറ്റൊരു വഴിയില്ല. മുന്നോട്ടുള്ള യാത്രയിൽ ഇതേക്കുറിച്ചൊന്നും ആലോചിച്ച് ടെൻഷനടിക്കാറുമില്ല. ജീവിതം അങ്ങനെയാണ് പഠപ്പിച്ചത്. മാസിനും ക്ലാസിനും പണ്ഡിതനും പാമരനും കാണാവുന്ന സിനിമയാണ് ടർബോയെന്നും പ്രേക്ഷകരിൽ വിശ്വാസമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

"ടർബോ" എന്ന പുതിയ ചിത്രം എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന ഒന്നാണെന്ന് താൻ വിശ്വസിക്കുന്നു. മിഥുൻ മാനുവൽ തോമസിന്‍റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ടർബോയുടെ  പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് മമ്മൂട്ടി ഈ കാര്യങ്ങൾ പറഞ്ഞത്.

"ടർബോ" എന്ന സിനിമ തന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രോജക്റ്റ് ആണെന്നും പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുന്നതിൽ തനിക്ക് ഭയവും ആകാംക്ഷയും ഉണ്ടെന്നും തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ് പറഞ്ഞു. എങ്കിലും എല്ലാ തരത്തിലുള്ള പ്രേക്ഷകർക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്ന്  വിശ്വസിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിൽ വെട്രിവേൽ ഷൺമുഖ സുന്ദരം എന്ന തമിഴനായിട്ടാണ് വേഷമിടുന്നുവെന്ന് കന്നഡ നടൻ രാജ് ബി.ഷെട്ടി വെളിപ്പെടുത്തി. മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് വളരെ സവിശേഷതയുള്ള അനുഭവമായിരുന്നു. തമിഴ് അറിയില്ലെങ്കിലും മലയാളം ചെറുതായി അറിയാം. എന്നാൽ ഒരു വലിയ നടനോടൊപ്പം അഭിനയിക്കേണ്ടിവന്നതിനാൽ ആദ്യം  ഭയം തോന്നിയിരുന്നു. എന്നാൽ ചിത്രീകരണത്തിനിടെ മമ്മൂട്ടി പ്രോത്സാഹിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെന്ന മഹാനടനോടൊപ്പം അദ്ദേഹം നിര്‍മിക്കുന്ന വലിയൊരു പടത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടി അഞ്ജന ജയപ്രകാശ് പറഞ്ഞു. ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്ന ട്രൂത്ത് ഫിലിംസിന്‍റെ അബ്ദുൽ സമദും പങ്കെടുത്തു. ആര്‍ജെ വൈശാഖ് അവതാരകനായിരുന്നു. ഈ മാസം 23നാണ് കേരളത്തോടൊപ്പം ഗൾഫിലും ചിത്രം റിലീസ് ചെയ്യുന്നത്.

English Summary:

Audiences expect Mammootty's company's films to be of high quality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com