കനത്ത മഴയെത്തുടർന്ന് അടച്ച മെട്രോ സ്റ്റേഷനുകൾ ഈ മാസം 19ന് തുറക്കും
Mail This Article
ദുബായ്∙ ഏപ്രിൽ 16ലെ കനത്ത മഴയെത്തുടർന്ന് അടച്ച മെട്രോ സ്റ്റേഷനുകൾ ഈ മാസം 19ന് തുറക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്‌റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സർവീസാണ് പുനരാരംഭിക്കുക. എന്നാൽ എനർജി മെട്രോ സ്റ്റേഷൻ അടുത്തയാഴ്ച മാത്രമേ സർവീസ് ആരംഭിക്കുകയുള്ളൂ.
എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട് സ്റ്റേഷനുകളുടെ പൂർണമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയായതായി ആർടിഎ അറിയിച്ചു. ഈ മാസം 28നകം സ്റ്റേഷനുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും 9 ദിവസം മുൻപ് തന്നെ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുകയാണ്. ദുബായ് മെട്രോയുടെ പ്രവർത്തനത്തിനും പരിപാലനത്തിനും ഉത്തരവാദിത്തമുള്ള കമ്പനിയായ കിയോലിസ്-മിത്സുബിഷി ഹെവി ഇൻഡസ്ട്രീസുമായി സഹകരിച്ച് ദുരിതബാധിത സ്റ്റേഷനുകളിൽ ദുബായ് മെട്രോ സേവനം വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള ആർടിഎയുടെ കഠിനശ്രമങ്ങൾക്കാണ് ഫലം കണ്ടത്. ഏപ്രിൽ 16ലെ റെക്കോർഡ് മഴ ദുബായ് മെട്രോ ഉൾപ്പെടെ യുഎഇയിലെങ്ങുമുള്ള ഗതാഗത സേവനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു.