ADVERTISEMENT

ദുബായ്∙ ദുബായ് ജുമൈറയിലെ വീട്ടിലിരുന്ന് ധന്യ തന്‍റെ ക്യാന്‍വാസിലേക്ക് വർണ്ണം പകരുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ വന്നുചേർന്ന വർണങ്ങളോടൊപ്പം സ്വപ്നങ്ങളും ചേർത്തുവച്ചപ്പോൾ ധന്യയുടെ ജീവിതത്തിൽ പിറന്നതാണ് "ബ്രഹ്മമ്യൂറൽസ്". വീട്ടിലെ ചിത്രരചനയിൽ നിന്ന് വിപണിയുടെ വിശാലതയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ഈ കലാകാരി.

2008ൽ മലപ്പുറം കോട്ടക്കൽ സ്വദേശിയായ ധന്യ ഭർത്താവ് സുമേഷിനൊപ്പം യുഎഇയിലെത്തി. 2009ൽ മകൾ ജനിച്ചു. കുടുംബിനിയായി ജീവിക്കുമ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എപ്പോഴും മനസ്സിൽ കൊണ്ടുനടന്നു. പഠനകാലത്ത് ഡാൻസിനോട് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ വരയാണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞത് കോവിഡ് കാലത്താണ്. ചെറുപ്രായത്തിൽ തന്നെ ചിത്രം വര പഠിക്കുന്ന മകൾ ആതിരയുടെ ക്യാന്‍വാസിൽ കൗതുകത്തോടെ വരച്ചു തുടങ്ങിയതാണ് ധന്യയുടെ കലാജീവിതത്തിന് തുടക്കം. അതുവരെ പെയിന്‍റും ബ്രഷും അപരിചിതരായിരുന്ന വിരലുകൾക്ക് അന്നുമുതൽ അനായാസേന ചിത്രരചന വഴങ്ങി.

artistic-women-entreprenuer-painting-dhanya-murals
ധന്യ വരച്ച ചിത്രങ്ങള്‍

മ്യൂറൽ പെയിന്‍റിങ്ങിൽ താൽപ്പര്യമുണ്ടായിരുന്ന ധന്യ, ചായക്കൂട്ടുകൾ കൃത്യമായി മനസിലാക്കാൻ ഓൺലൈൻ ക്ലാസിന് ചേർന്നു. ശ്രീനാഥ് എന്ന അധ്യാപകനു കീഴിലായിരുന്നു പഠനം. പിന്നീട് ദുബായിലെ ഹരിഹരൻ സ്വസ്തികിന്‍റെ കീഴിൽ മ്യൂറൽ പെയിന്‍റിങ്ങിൽ കൂടുതൽ പരിശീലനം നേടിയ ധന്യ ഫാബ്രിക് പെയിന്‍റിങ്ങും പഠിച്ചു. ഹരിഹരൻ തന്നെയാണ് ധന്യയെ ഒരു ചിത്രകാരിയായി വളരാൻ സഹായിച്ചത്. ആദ്യം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ധന്യ വസ്ത്രങ്ങളിൽ ഫാബ്രിക് പെയിന്‍റ് ചെയ്തു നൽകി. എല്ലാവരുടെയും നല്ല പ്രതികരണം ധന്യയെ പ്രോത്സാഹിപ്പിച്ചു. അതോടെ ധന്യ വരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

artistic-women-entreprenuer-painting-dhanya-murals
മകള്‍ ആതിരയ്ക്കൊപ്പം ധന്യ

വരയിൽ സജീവമായിരിക്കുന്ന സമയത്താണ് ധന്യ വീണ്ടും ഗർഭിണിയായത്. ആരോഗ്യപ്രശ്നങ്ങളാൽ ഗർഭാവസ്ഥയുടെ നാലാം മാസം മുതൽ ധന്യ ബെഡ് റെസ്റ്റിലായി. ഇനി വര തുടരാൻ കഴിയുമോ എന്ന ആശങ്ക ധന്യയെ അലട്ടി. എന്നാൽ വരയിലേക്ക് തിരിച്ചെത്താനുള്ള അടങ്ങാത്ത ആഗ്രഹം ധന്യയെ പ്രേരിപ്പിച്ചു. മകൻ പ്രണവ് ജനിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ധന്യ വീണ്ടും വരയിൽ സജീവമായി.

നിറക്കൂട്ടുകളുടെ വിശ്വമഹോത്സവമായ ദുബായിയിലെ 'വേൾഡ് ആർട്ട്' പെയിന്‍റിങ് പ്രദർശനത്തിൽ ധന്യ പങ്കെടുത്തു. അധ്യാപകനായ ഹരിഹരൻ ആണ് ധന്യയ്ക്ക് ഈ അവസരം ഒരുക്കിയത്. മേയ് ആദ്യവാരം നടന്ന ഈ പ്രദർശനത്തിൽ 400 ലധികം പ്രാദേശിക-രാജ്യാന്തര പ്രദർശകർ പങ്കെടുത്തു. 10,000 ലധികം ചിത്രങ്ങളിൽ തന്‍റെ ചിത്രത്തിനും ഇടം ലഭിച്ചത് ധന്യയെ അതിയായി സന്തോഷിപ്പിച്ചു.

artistic-women-entreprenuer-painting-dhanya-murals
ധന്യ വരച്ച ചിത്രങ്ങള്‍

അക്രിലിക് മാധ്യമമാണ് ധന്യ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. ബ്രഹ്‌മ മ്യൂറൽസ് എന്ന ഇന്‍സ്റ്റാ പ്രൊഫൈലിലൂടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. മ്യൂറൽ പെയിന്‍റിങിനും സാരിയിലുള്‍പ്പടെയുളള ഫാബ്രിക് പെയിന്‍റിങിനും ആവശ്യക്കാർ വിളിക്കാറുണ്ട്. സാരിയിലും ഷർട്ടിലും, ക്യാന്‍വാസിലും ധന്യയിലെ വിരലുകളിലൂടെ പിറന്നത് ജീവസുറ്റ ചിത്രങ്ങള്‍. കഥകളിയും ശ്രീബുദ്ധനും തെയ്യവും തുടങ്ങി ക്രിസ്തുവരെയുളള വൈവിധ്യചിത്രങ്ങള്‍. ഓരോ ചിത്രത്തിലും തന്‍റെതായ കയ്യൊപ്പിടാന്‍ ശ്രദ്ധിക്കാറുണ്ട്. ഒരോ പെയിന്‍റിങും ചെയ്യാനെടുക്കുന്ന സമയം വ്യത്യസ്തമാണ്. തെയ്യം പോലുളളവയാണെങ്കില്‍  പൂർത്തിയാക്കാന്‍ മൂന്നാഴ്ച വരെ സമയമെടുക്കാറുണ്ട്. മകന്‍ കുഞ്ഞായതിനാല്‍ അവന്‍ ഉറങ്ങുമ്പോഴാണ് പെയിന്‍റിങ് ചെയ്യുന്നത്. അധികവും രാത്രിയിരുന്നാണ് പൂർത്തിയാക്കുന്നത്. കുടുംബത്തിന്‍റെ പിന്തുണയാണ് ഏറ്റവും പ്രധാനമെന്നും ധന്യ പറയുന്നു. 

ഷ‍ർട്ടിലും ക്യാന്‍വാസിലും മ്യൂറല്‍ പെയിന്‍റിങ് ചെയ്യാറുണ്ടെങ്കിലും സെറ്റ് സാരിയില്‍ ചെയ്യുമ്പോഴാണ് ഏറ്റവും ഭംഗിയെന്ന് ധന്യ. ഗായിക ചിത്രയും, നടിയും നർത്തകിയുമായ ആശാ ശരത്തും ഉള്‍പ്പടെയുളള താരങ്ങള്‍ താന്‍ പെയിന്‍റ് ചെയ്ത സാരിയുടുത്ത് കാണണമെന്നുളളത് വലിയ ആഗ്രഹം. സംരംഭമെന്ന രീതിയില്‍ തുടങ്ങി സജീവമായി മുന്നോട്ടുപോകാനാണ് ധന്യ തീരുമാനിച്ചിട്ടുളളത് അതിനായുളള ഒരുക്കങ്ങളിലാണിപ്പോള്‍. ആരോഗ്യമുളളപ്പോള്‍ ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്ത് ലൈഫ് കളറാക്കുക, നാളെയൊരിക്കല്‍ ഓർക്കാന്‍ നമുക്കിതൊക്കെയല്ലേ ബാക്കിയുണ്ടാകൂ, പറഞ്ഞു നിർത്തുമ്പോള്‍ തിരിച്ചറിയാം, സ്വവിരലുകളില്‍ നിന്നുതിരുന്ന വർണങ്ങളിലെ ആത്മവിശ്വാസം.

English Summary:

Dhanya: Artistic Women Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com