ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി
Mail This Article
അബുദാബി ∙ ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കി കാർബൺ മലിനീകരണം കുറയ്ക്കണമെന്ന ആഹ്വാനത്തോടെ ഇലക്ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടിക്ക് അബുദാബിയിൽ തുടക്കമായി. യുഎഇയുടെ പുതിയ ഇലക്ട്രിക് ചാർജിങ് സംയുക്ത സംരംഭമായ യുഎഇവിയുടെ പ്രഖ്യാപനമായിരുന്നു ആദ്യ ദിനത്തെ സമ്പന്നമാക്കിയത്. കരുത്തുറ്റ ഇലക്ട്രിക് ചാർജിങ് സംവിധാനം പ്രാദേശികമായി വികസിപ്പിച്ചാണ് യുഎഇ മികവുകാട്ടിയത്. ഊർജ, അടിസ്ഥാനസൗകര്യവികസന മന്ത്രാലയം, ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി എന്നിവയുടെ സംയുക്ത സംരംഭമാണ് യുഎഇവി.
ടെസ്‍ല, ലൂസിഡ്, ടാം മോട്ടോഴ്‌സ്, ചെറി, സീക്ർ തുടങ്ങി പ്രമുഖ കമ്പനികൾ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളും അനുബന്ധ ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇ–സ്കൂട്ടർ മുതൽ വലിയ ബസുകൾ വരെ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചാർജിങ് മൊഡ്യൂളുകളും അനുബന്ധ ഉപകരണങ്ങളുമായി ഒട്ടേറെ ചൈനീസ് കമ്പനികളുടെ സാന്നിധ്യവുമുണ്ട്.
പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി 2050ഓടെ കാർബണ്‍ പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കാനുള്ള ആഗോള ശ്രമത്തിനിടെ നടക്കുന്ന ഇലക്‌ട്രിക് വെഹിക്കിൾ ഇന്നൊവേഷൻ ഉച്ചകോടി നിർണായകമാണെന്ന് ഉച്ചകോടി ഉദ്ഘാടനം ചെയ്ത യുഎഇ ഊർജ, അടിസ്ഥാന സൗകര്യവികസന മന്ത്രാലയത്തിലെ ഊർജ, പെട്രോളിയം വിഭാഗം അണ്ടർസെക്രട്ടറി ഷെരീഫ് അൽ ഒലാമ പറഞ്ഞു. 7 എമിറേറ്റുകളെയും ബന്ധിപ്പിച്ച് ഏകീകൃത ചാർജിങ് ശൃംഖല നിർമിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് വേഗത്തിൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും പറഞ്ഞു. നിലവിൽ മൊത്തം വാഹനങ്ങളുടെ 3% ഇലക്ട്രിക്/ഹൈബ്രിഡ് ആണ്. ലക്ഷ്യം കൈവരിക്കുന്നതിന് സുസ്ഥിര ഗതാഗത സംവിധാനമായി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം ഊർജിതമാക്കുമെന്നും പറഞ്ഞു.
ഇലക്ട്രിക് വാഹന വിൽപനയിൽ മധ്യപൂർവദേശത്ത് യുഎഇ രണ്ടാം സ്ഥാനത്താണ്. 2023ൽ മൊത്തം കാർ വിൽപനയുടെ 13% ഇലക്ട്രിക് വാഹനങ്ങളായിരുന്നു. സൗദി, ഒമാൻ, യുഎഇ രാജ്യങ്ങൾ തമ്മിൽ ഗൾഫ് ഇടനാഴി വികസിപ്പിച്ച് അതിർത്തികളിൽ ഇലക്ട്രിക് ചാർജിങ് സംവിധാനം ഒരുക്കും. 2050ഓടെ 50% വാഹനങ്ങളും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യം. കാർബൺ രഹിത യുഎഇ എന്ന ലക്ഷ്യത്തിലെത്താൻ ഇതു അത്യന്താപേക്ഷിതമാണ്. പദ്ധതിയിലൂടെ ഒട്ടേറെ പേർക്ക് തൊഴിലവസരവും ലഭിക്കുമെന്ന് ഇത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി ചീഫ് എക്സിക്യൂട്ടീവ് യൂസിഫ് അഹമ്മദ് അൽ അലി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗം ഒരുക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂഇ നേരത്തെ പറഞ്ഞിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാകുന്നത് ഈ രംഗത്തെ ബിസിനസും ശക്തിപ്രാപിക്കുന്നതിനൊപ്പം തൊഴിൽ അവസരങ്ങളും കൂടും.
ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നതിൽ യുഎഇയും സൗദി അറേബ്യയുമാണ് മേഖലയിൽ മുന്നിൽ. ലോകത്ത് യുഎസ്, ചൈന, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങൾക്കാണ് മേൽക്കോയ്മ. 50 രാജ്യങ്ങളിൽനിന്നുള്ള ഇരുനൂറോളം പ്രദർശകർ പങ്കെടുക്കുന്ന ത്രിദിന ഉച്ചകോടി ഇലക്ട്രിക് മൊബിലിറ്റി മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ചർച്ച ചെയ്യും. ഉച്ചകോടി നാളെ സമാപിക്കും.