യുഎഇയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധന; വിമാനയാത്രക്കാർ 3.65 കോടി
Mail This Article
അബുദാബി/ദുബായ്/ഷാർജ ∙ യുഎഇയിലേക്കുള്ള ആഗോള സഞ്ചാരികളുടെ വരവ് കൂടുന്നു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജിസിഎഎ) ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ യുഎഇ വിമാനത്താവളങ്ങളിലൂടെ 3.65 കോടി ആളുകൾ യാത്ര ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 14% വർധന. ഇതിൽ 1.08 കോടി ആളുകൾ യുഎഇയിലേക്കു വരികയും 1.08 കോടി ആളുകൾ യുഎഇയിൽനിന്ന് വിദേശ രാജ്യങ്ങളിലേക്കു പോകുകയും ചെയ്തവരാണ്. 1.49 കോടിയും യുഎഇ വഴി മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരായിരുന്നു.
ചരക്കുനീക്കത്തിലും 32% വർധനുണ്ടായി. ഈ വർഷം ആദ്യപാദത്തിൽ 11 ലക്ഷം ടൺ ചരക്കുനീക്കമുണ്ടായി. ഇതിൽ 68 ശതമാനവും കൈകാര്യം ചെയ്തത് ദേശീയ എയർലൈനുകളാണെന്ന് ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. വ്യോമയാന മേഖലയുടെ കരുത്തും മത്സരക്ഷമതയും വികസനവും വിളിച്ചോതുന്നതാണ് യാത്രക്കാരുടെ വർധനയെന്നും ചൂണ്ടിക്കാട്ടി. 189 രാജ്യങ്ങളുമായി തുറന്ന ആകാശനയമുള്ളതും പുതിയ സെക്ടറുകളിലേക്കു ദേശീയ എയർലൈനുകളുടെ പ്രവേശനം എളുപ്പമാക്കിയതും കൂടുതൽ യാത്രക്കാരെ യുഎഇയിൽ എത്തിക്കാൻ സഹായകമായതായും പറഞ്ഞു.