ADVERTISEMENT

ദുബായ് ∙ രാജ്യത്ത് വിപുലമായ ആരോഗ്യ, പോഷകാഹാര സർവേ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. 22,000 പേർക്ക് ഇടയിൽ നടത്തുന്ന സർവേ ആറു മാസം നീണ്ടുനിൽക്കും. സർവേ ഫലത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ആരോഗ്യ, സാമ്പത്തിക, നികുതി കാര്യങ്ങളിൽ പരിഷ്കാരങ്ങളുണ്ടാകും. 

5 വർഷത്തിലൊരിക്കൽ നടത്തുന്ന ആരോഗ്യ സർവേയ്ക്കൊപ്പം രാജ്യത്ത് ആദ്യമായാണ് പോഷകാഹാര ഉപയോഗം സംബന്ധിച്ചു സർവേ നടത്തുന്നത്. ജനങ്ങളുടെ ഭക്ഷണ ശീലം, പുകയില ഉപയോഗം, ജീവിത സാഹചര്യം എന്നിവ സർവേയിലൂടെ പഠനത്തിനു വിധേയമാകും. സർവേ ഫലം ലോകാരോഗ്യ സംഘടനയുമായി പങ്കുവയ്ക്കുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻഡ് പറഞ്ഞു. 

പരിശോധനയിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കില്ല. സർവേ ഫലം പ്രസിദ്ധപ്പെടുത്തും. മധുര പലഹാരങ്ങൾക്കും മറ്റ് അനാരോഗ്യ ഭക്ഷണ വിഭവങ്ങൾക്കും നികുതി വർധിപ്പിക്കുന്നത് അടക്കമുള്ളവ സർവേയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. 

2019ൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് സിഗരറ്റ്, അനുബന്ധ ഉപകരണങ്ങൾ, അതിൽ ഉപയോഗിക്കുന്ന ലായനി എന്നിവയ്ക്ക് നികുതി ഏർപ്പെടുത്തിയിരുന്നു. 2017ലെ സർവേയുടെ അടിസ്ഥാനത്തിൽ കാർബണേറ്റഡ് പാനീയങ്ങൾ, ഉത്തേജക പാനീയങ്ങൾ, ഫിസി ഡ്രിങ്സ്, പുകയില ഉൽപന്നങ്ങൾ എന്നിവയ്ക്ക് എക്സൈസ് നികുതി ചുമത്തിയിരുന്നു. 

ഏതെങ്കിലും ഉൽപന്നങ്ങൾക്കു മേൽ നിരോധനം ഏർപ്പെടുത്തുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നു ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ഹസൻ പറഞ്ഞു. നികുതി ഏർപ്പെടുത്തും മുൻപ് ജനങ്ങളുടെ പ്രതികരണങ്ങൾ പരിഗണക്കേണ്ടതുണ്ട്. 150ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന രാജ്യമായതിനാൽ ഏതെങ്കിലും ഒരു വിഭാഗം കഴിക്കുന്ന ഭക്ഷണത്തിനു മാത്രം നികുതി ചുമത്തുന്നത് നീതീകരിക്കാനാവില്ല. സർവേ ഫലം അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ പൗരന്മാർ വീസയുടെ ഭാഗമായ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാത്തതും ഗോൾഡൻ വീസയുള്ളവർ 10 വർഷത്തിലൊരിക്കൽ മാത്രം ആരോഗ്യ പരിശോധന നടത്തുന്നതും ഉൾപ്പെടയുള്ള പോരായ്മ പരിഹരിക്കാനും സർവേ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോഷകാഹാര സർവേയിലൂടെ സൂക്ഷ്മതലത്തിലൂള്ള പോഷകക്കുറവു പോലും കണ്ടെത്താൻ ശ്രമിക്കും. കഴിക്കുന്ന ആഹാരം സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. 

പരിശോധനാഫലം വരുന്നതോടെ രാജ്യത്തെ വിവിധ സമൂഹങ്ങളുടെ ഭക്ഷണ രീതി വെളിപ്പെടും. ഏതു വിഭാഗം ജനങ്ങൾക്കിടയിലാണ് ഗുരുതര രോഗങ്ങളെന്നും വ്യക്തമാകും. പുകയില ഉപയോഗം, പഴങ്ങളുടെ ഉപയോഗം തുടങ്ങിയവയുടെ വിവരങ്ങളും പുറത്തുവരും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം എന്നിവർ ചേർന്ന് ആരോഗ്യകരമായ ജീവിത രീതി സംബന്ധിച്ചു ജനങ്ങൾക്കിടയിൽ ബോധവൽക്കരണ വിദ്യാഭ്യാസ പരിപാടികൾക്കും രൂപം നൽകും. 

ഹെൽത്ത് ആൻഡ് പ്രിവൻഷൻ മന്ത്രാലയത്തിനു പുറമേ, ഫെഡറൽ കോംപറ്റ‌ിറ്റീവനസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെൽത്ത് സർവീസ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, ഡിജിറ്റൽ ദുബായ് എന്നിവരും സർവേയിൽ പങ്കെടുക്കും.

സർവേയിൽ ഉൾപ്പെടുന്നവർ
∙ സർവേയിൽ 18 വയസ്സിനു മുകളിലുള്ളവർ, 15 – 49 വയസ്സുള്ള വനിതകൾ, ഗർഭിണികൾ, ഒരു ദിവസം മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾ, 6 – 17 വയസ്സുള്ള കുട്ടികൾ എന്നിവർ ഉൾപ്പെടും. 
∙ ബ്ലൂകോളർ വിഭാഗത്തിൽപെടുന്ന 2000 തൊഴിലാളികളെ സർവേയിൽ ഉൾപ്പെടുത്തി.
3 ഭാഷയിൽ
∙ അറബിക്, ഹിന്ദി, ഇംഗ്ലിഷ്, ഉറുദു ഭാഷകളിലായിരിക്കും സർവേ. 

കൊച്ചുകുട്ടികളുടെ ആരോഗ്യം
5 വയസ്സുവരെയുള്ള കുട്ടികളിലെ ഭക്ഷണ ശീലം, ശരീരഭാരം, പൊണ്ണത്തടി, സോഡിയം അളവ്, അയഡിൻ കുറവ്, അനീമിയ, ഉപ്പിന്റെ ഉപയോഗം തുടങ്ങിയവ വിശദമായി പരിശോധിക്കും.

യുഎഇയിൽ താമസിക്കുന്നത് 150ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവർ. എല്ലാവരെയും ഉൾക്കൊള്ളുന്നതാകും സർവേ.

English Summary:

Ministry of Health and Prevention launches National Survey for Health and Nutrition 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com