അബുദാബി എയർ ടാക്സി പൈലറ്റുമാർക്ക് ആഭ്യന്തര പരിശീലനം; ആർച്ചറും ഇത്തിഹാദും ചേർന്ന് പരിശീലന കേന്ദ്രം തുടങ്ങും
Mail This Article
അബുദാബി ∙ ഒന്നര വർഷത്തിനകം എയർ ടാക്സി സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി അബുദാബിയിൽ പൈലറ്റ് പരിശീലന കേന്ദ്രം തുടങ്ങുന്നു. യുഎസ് ഇലക്ട്രിക് എയർക്രാഫ്റ്റ് നിർമാതാക്കളായ ആർച്ചറും ഇത്തിഹാദ് ട്രെയ്നിങ്ങും ചേർന്നാണ് ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുക. പറക്കും ടാക്സി സേവനം തുടങ്ങുന്നതിന് മുൻപ് ആവശ്യമായ പൈലറ്റുമാരെ പ്രാദേശികമായി പരിശീലിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം പരിശീലനം ആരംഭിക്കും. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ആർച്ചറും ഇത്തിഹാദ് ട്രെയ്നിങ്ങും ഒപ്പുവച്ചു.
കഴിഞ്ഞ മാസം പരിശീലനപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയ അബുദാബി, തുടക്കത്തിൽ പ്രാദേശിക നഗരങ്ങളിലേക്കും പിന്നീട് മറ്റ് എമിറേറ്റുകളിലേക്കും സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 2026 തുടക്കത്തിൽ തന്നെ അബുദാബി–ദുബായ് സെക്ടറിൽ എയർ ടാക്സി സർവീസ് തുടങ്ങാനാണ് തീരുമാനം.
ഇത്തിഹാദ് ട്രെയ്നിങ് കേന്ദ്രത്തിൽ ഒരു മിഡ്നൈറ്റ് എയർക്രാഫ്റ്റ് സിമുലേറ്റർ എത്തിച്ച് പരിശീലനത്തിനു തുടക്കം കുറിക്കും. വിവിധ ഘട്ടങ്ങളിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ റിക്രൂട്ട് ചെയ്ത് എയർ ടാക്സി സേവനത്തിനായി നിയമിക്കും. 5 പേർക്കു വരെ യാത്ര ചെയ്യാവുന്ന എയർ ടാക്സികളാണ് സേവനത്തിനായി രൂപകൽപന ചെയ്തിരിക്കുന്നത്. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിലാണ് ചെറുവിമാനം പ്രവർത്തിക്കുക. പ്രധാന ബിസിനസ്, ടൂറിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും സേവനം. കാറിൽ 60–90 മിനിറ്റ് എടുക്കുന്ന യാത്ര പറക്കും ടാക്സിയിൽ 10–20 മിനിറ്റിനകം പൂർത്തിയാക്കാനാകുമെന്നതാണ് നേട്ടമെന്ന് ആർച്ചർ വ്യക്തമാക്കി.