ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയ 409 സ്ഥലങ്ങളിൽ പ്രതിരോധ നടപടി സ്വീകരിച്ചതായി യുഎഇ
Mail This Article
ദുബായ്∙ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ കണ്ടെത്തിയ 409 സ്ഥലങ്ങളിൽ പ്രതിരോധ നടപടി സ്വീകരിച്ചതായി യുഎഇ ആരോഗ്യ അധികൃതർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയിൽ നിരവധി യുഎഇയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനെത്തുടർന്ന് ഡെങ്കിപ്പനിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നിരുന്നു. പലയിടത്തു രൂപപ്പെട്ട വെള്ളക്കെട്ടുകൾ എളുപ്പം കൊതുക് പ്രജനന കേന്ദ്രങ്ങളായി മാറും. മധ്യപൂർവദേശത്ത് ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. യുഎഇയിൽ ഡെങ്കിപ്പനിക്കെതിരെ പോരാടുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ് പറഞ്ഞു. ബുധനാഴ്ച നടന്ന ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) സെഷനിൽ വിഷയം അവതരിപ്പിച്ചു.
രാജ്യത്തുടനീളമുള്ള കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി തുടച്ചുനീക്കുന്നതിന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുതിയ ജിപിഎസ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുവെന്ന് എഫ്എൻസി അംഗത്തിന്‍റെ ചോദ്യത്തിന് മറുപടിയായി അൽ ഒവൈസ് പറഞ്ഞു. എമിറേറ്റ്‌സ് ഹെൽത്ത് സർവീസസിൽ നിന്നുള്ള 9 സ്പെഷ്യലൈസ്ഡ് ടീമുകളെ വടക്കൻ എമിറേറ്റുകളിൽ ഉടനീളം രാജ്യവ്യാപകമായി ഡെങ്കിപ്പനി വിരുദ്ധ യജ്ഞത്തെ പിന്തുണയ്ക്കാൻ വിന്യസിച്ചിട്ടുണ്ട്. കൊതുക് സാംപിളുകൾ വിലയിരുത്തുന്നതിനും കീടനാശിനികളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനുമായി ഒരു ലബോറട്ടറി സ്ഥാപിച്ചു. മന്ത്രാലയം അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് 1,200-ലേറെ കൊതുകു സർവേകളും 309 ഡിഎൻഎ സാമ്പിളുകളും വിശകലനം ചെയ്തു.