ഹജ്: ഇന്ത്യയിൽനിന്ന് എത്തിയത് 47,000 പേർ
Mail This Article
മക്ക ∙ ഹജ് തീർഥാടനത്തിന് ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 3 ലക്ഷത്തോളം തീർഥാടകർ സൗദിയിൽ എത്തി. ഇന്ത്യയിൽനിന്നുള്ള 47,000 പേരും ഇതിൽ ഉൾപ്പെടും.
ജിദ്ദ ഹജ് ടെർമിനൽ, മദീന എന്നീ എയർപോർട്ടുകൾക്ക് പുറമേ കര, കടൽ മാർഗവും പതിനായിരങ്ങളാണ് ദിവസേന എത്തുന്നത്. പ്രവേശന നടപടികൾ ലളിതമാക്കിയാണ് അധികൃതർ തീർഥാടകരെ വരവേൽക്കുന്നത്. രാജ്യത്ത് എത്തുന്നതു മുതൽ ഹജ് നിർവഹിച്ച് മടങ്ങുന്നതുവരെ മികച്ച സേവനം ഉറപ്പാക്കുന്നതിനുള്ള സംവിധാനം ഹജ് മന്ത്രാലയം ഒരുക്കി. തീർഥാടകരുടെ സേവനത്തിന് വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും നൂറുകണക്കിനു വൊളന്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് ഈ മാസം 6 മുതൽ തീർഥാടകർ മദീനയിൽ എത്തിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ജിദ്ദയിലേക്കും നേരിട്ട് എത്തിത്തുടങ്ങി. മദീനയിൽ എത്തിയവർ അവിടത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. ഇവർ ഹജ്ജിനുശേഷം മക്കയിൽനിന്ന് മടക്കം. ജിദ്ദയിൽ നേരിട്ട് എത്തിയ തീർഥാടകർ ഹജ് നിർവഹിച്ച ശേഷം മദീന സന്ദർശനം കഴിഞ്ഞ് അവിടെ നിന്നായിരിക്കും യാത്ര തിരിക്കുക.