ഒമാനില്‍ ആറ് പുതിയ വിമാനത്താവളങ്ങള്‍ വരുന്നു
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ അഞ്ച് വര്‍ഷത്തിനകം പുതിയ ആറ് വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് എന്‍ജി. നായിഫ് അല്‍ അബ്രി. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വ്യോമയാന രംഗത്തെ ഒമാന്റെ കുതിപ്പുകള്‍ വ്യക്തമാക്കിയത്. 2028-29 വര്‍ഷത്തോടെ പുതിയ വിമാനത്താവളങ്ങള്‍ ഒരുങ്ങുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 17 ദശലക്ഷമാണ് പ്രതിവര്‍ഷം ശരാശരി യാത്രക്കാരുടെ എണ്ണം. 2040 ഓടെ യാത്രക്കാര്‍ 50 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോജിസ്റ്റിക്, ടൂറിസം മേഖലയുടെ വളര്‍ച്ചയും ഇതോടൊപ്പം സാധ്യമാക്കും. 2028ല്‍ രണ്ടാം പകുതിയോടെ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവള നിര്‍മാണം അവസാന ഘട്ടത്തിലാണ്. ബോയിങ് 737, എയര്‍ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിമാനത്താവളം സജ്ജമാകുമെന്നും നായിഫ് അല്‍ അബ്രി പറഞ്ഞു.