കന്നുകാലികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രചാരണം തള്ളി സൗദി
Mail This Article
ജിദ്ദ ∙ സൗദിയില്‍ കന്നുകാലികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ മനുഷ്യരില്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. വെറ്ററിനറി മരുന്നുകള്‍ നല്‍കിയ ശേഷം കശാപ്പ് ചെയ്യുന്ന കന്നുകാലികളുടെ ഇറച്ചി കഴിക്കുന്നത് കരള്‍, വൃക്ക രോഗങ്ങള്‍ക്കും കാന്‍സറിനും കാരണമാകുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വിവരം തെറ്റാണ്. വെറ്ററിനറി മരുന്നുകളുടെ സജീവ കാലയളവ് മരുന്നുകളിലെ ഘടകങ്ങള്‍ക്കും ഡോസ് നല്‍കുന്ന രീതിക്കും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ചില ആന്‍റിബയോട്ടിക്കുകളുടെ അവശിഷ്ടങ്ങള്‍ ഇറച്ചി മിതമായി പാകം ചെയ്യുന്നതിലൂടെ ഇല്ലാതാകുമെന്നും അധികൃതർ വ്യക്തമാക്കി.
സൗദിയിലെ കശാപ്പുശാലകള്‍ക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും നാഷനല്‍ സെന്‍റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ആൻഡ് കണ്‍ട്രോള്‍ ഓഫ് പ്ലാന്‍റ്‌സ്, പെസ്റ്റ്‌സ് ആൻഡ് അനിമല്‍ ഡിസീസസും (വിഖാ) മേല്‍നോട്ടം വഹിക്കുകയും കശാപ്പ് ചെയ്യുന്ന കന്നുകാലികള്‍ക്ക് വെറ്ററിനറി മരുന്നുകള്‍ കുത്തിവെക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.