‘ഉറുമ്പ് കടിയേറ്റ് ശ്വാസം പോലും നിലച്ച നിമിഷം’; മലയാളി ദമ്പതികളുടെ മരുഭൂമിയിലെ 'ബൈക്ക് ജീവിതം' ഷാർജയിൽ ഹിറ്റ്
Mail This Article
ഷാർജ ∙ ഡിന്നർ ഷാർജയിൽ; ബ്രേക്ക്ഫാസ്റ്റ് ഒമാനിലെ സൊഹാറിൽ – യാത്രകളെ പ്രണയിക്കുന്ന അഷ്റഫ് കിരാലൂറും ഭാര്യ ഷിൻസി അഷ്റഫും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണിത്. രാത്രി ഷാർജയിൽ നിന്ന് മോട്ടോർബൈക്കിൽ പുറപ്പെട്ട് പുലർച്ചയോടെ ഒമാനിലെ സൊഹാറിൽ എത്തിച്ചേരുന്ന അഷ്റഫ് കിരാലൂറിനും ഭാര്യ ഷിൻസി അഷ്റഫിനും യാത്ര ഹൃദയതുടിപ്പികളുടെ ഭാഗമാണ്. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന യാത്ര വർഷങ്ങളായി ഷാർജയിൽ താമസിക്കുന്ന ഈ തൃശൂർ സ്വദേശികളായ ദമ്പതികളുടെ ജീവിതത്തിലെ പ്രധാന സന്തോഷമാണ്. അവധി ദിവസങ്ങളിലെ തങ്ങളുടെ 'ബൈക്ക് ജീവിത' വിശേഷങ്ങൾ ഇരുവരും മനോരമ ഓൺലൈനുമായി പങ്കുവച്ചു.
∙ ബൈക്കുകളെ പ്രണയിക്കുന്ന ദമ്പതികൾ
യാത്രാപ്രേമികളായ അഷ്റഫ് കിരാലൂറിനും ഭാര്യ ഷിൻസി അഷ്റഫിനും വർഷങ്ങൾക്ക് മുൻപാണ് ബൈക്കിൽ ലോകം ചുറ്റാനുള്ള ആഗ്രഹം മുളപൊട്ടിയത്. ഇതിനകം ഇവർ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. ആദ്യം ഒമാനിലേക്ക് യാത്ര ചെയ്തത്. വേനൽക്കാലത്തയായിരുന്ന ആ യാത്ര. രാത്രി 10 മണിക്ക് ഷാർജയിൽ നിന്ന് ഭക്ഷണം കഴിച്ച് അവർ തങ്ങളുടെ കെഎൽആർ കവസാകി ബൈക്കിൽ യാത്ര ആരംഭിച്ചു. അത്യാവശ്യ സാധനങ്ങൾ ബായ്ക്ക്പാക്കിൽ പായ്ക്ക് ചെയ്ത അവർ ഇടയ്ക്ക് ചെറുകടികളും കഴിച്ച് വിശപ്പ് അടക്കി. ക്ഷീണം തോന്നിയാൽ വഴിയരികിലെ കവലകളിൽ അവർ വിശ്രമിക്കും. രാവിലെ ഒൻപതോടെ സൊഹാറിലെത്തി.സമാനമായ രീതിയിൽ സൗദി അറേബ്യയിലേക്കും യാത്ര ചെയ്തു.
രാത്രി 10 മണിക്ക് ഷാർജയിൽ നിന്ന് പുറപ്പെട്ട അഷ്റഫ് കിരാലൂറും ഭാര്യ ഷിൻസി അഷ്റഫും പുലർച്ചെ 10.30ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ എത്തിച്ചേർന്നു. ഖത്തറിലേക്കായിരുന്നു അടുത്ത യാത്ര. ഈ സ്ഥലങ്ങളിലേക്കെല്ലാം ഇവർ ഒന്നിലേറെ തവണ യാത്ര ചെയ്തിട്ടുണ്ട്.
"വരും നാളുകളിൽ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടാനാണ് ഞങ്ങളുടെ ഉദ്ദേശ്യം.കാലാവസ്ഥയ്ക്കനുസരിച്ച് ഞങ്ങൾ യാത്രാ പദ്ധതികളിൽ ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. തണുപ്പുകാലമാണെങ്കിൽ, രാവിലെ യാത്ര പുറപ്പെട്ട് രാത്രിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന വിധത്തിൽ യാത്രാ പദ്ധതി ഞങ്ങൾ പുനഃക്രമീകരിക്കും."– ഷിൻസി പറയുന്നു.
ഒമാൻ തലസ്ഥാനമായ മസ്കത്തിലേക്ക് 500 കിലോ മീറ്ററാണ് യാത്ര ചെയ്യേണ്ടത്. പക്ഷേ, സൊഹാറിലേക്ക് 350 കിലോ മീറ്റർ മാത്രമേയുള്ളൂ. 1000 കിലോ മീറ്റർ സഞ്ചരിക്കണം, സൗദി റിയാദിലെത്താൻ. ദുബായ് ഹത്ത അതിർത്തി വഴിയാണ് യാത്ര തുടങ്ങാറ്. ഖത്തറിലേക്ക് പോകുമ്പോൾ പക്ഷേ രണ്ട് അതിർത്തി കടക്കണം. ആദ്യം സൗദിയുടെ ബത് ഹയും തുടർന്ന് ഖത്തർ സൽവയും.രാത്രി യാത്രകൾ ഇവർക്ക് പുതിയ സ്ഥലങ്ങളുടെ മനോഹരമായ കാഴ്ചകളും പ്രകൃതിയുടെ സൗന്ദര്യവും ആസ്വദിക്കാൻ അവസരം നൽകുന്നു.
. രാജ്യങ്ങളുടെ ഗന്ധം പോലും പരിചിതം
ഇരുവരും നേരത്തെ പലതവണ കാറിൽ വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ബൈക്ക് യാത്ര ആരംഭിച്ചതോടെയാണ് യാത്രയുടെ യഥാർഥ സുഖവും സൗന്ദര്യവും ഇവർ തിരിച്ചറിഞ്ഞത്.എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് യാത്ര ചെയ്യുന്നത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ തുറന്ന യാത്രയാണ് ലഭിക്കുന്നത്. ഓരോ പ്രദേശത്തിനും അതിന്റേതായ പ്രത്യേക ഗന്ധമുണ്ടെന്ന് അഷ്റഫ് പറയുന്നു. ഓരോ സ്ഥലത്തും എത്തുമ്പോൾ അവിടുത്തെ വായു ശ്വസിക്കുന്നത് തന്നെയാണ് ആ സ്ഥലത്തിന്റെ പ്രത്യേകത മനസ്സിലാക്കാനുള്ള തങ്ങളുടെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതിയെ ആസ്വദിക്കുക എന്നതാണ് ബൈക്ക് യാത്ര അവർക്ക് ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണം. നാട്ടിൽ അവധിക്ക് പോകുമ്പോഴും ഷിൻസിയോടൊപ്പം യാത്ര ചെയ്യുന്നത് ബൈക്കിലാണ്. കുറച്ച് കാലമായി പ്രവാസ ലോകത്തും അവധി ദിവസങ്ങളിൽ ദീർഘയാത്രകൾ നടത്തുന്നത് ബൈക്കിൽ തന്നെയാണ്. ഇതിനകം 50 ലേറെ വിദേശ രാജ്യങ്ങൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. യൂറോപ്പിലേക്കുള്ള യാത്രകളിൽ പോലും അവിടെ ബൈക്ക് വാടകയ്‌ക്കെടുത്ത് സഞ്ചരിക്കാറുണ്ട്. മക്കളെ കൂട്ടി പോകുമ്പോൾ മാത്രമേ കാർ ഉപയോഗിക്കാറുള്ളൂ.
∙ യാത്രയ്ക്ക് കൂട്ട് ആഡംബര ബൈക്ക്
രണ്ട് വർഷം മുൻപ് അഷ്റഫ് കിരാലൂർ പഴയ ബൈക്ക് ഒഴിവാക്കി കുറച്ചുകൂടി സൗകര്യപ്രദവും ആഡംബര വാഹനമായ ബിഎംഡബ്ല്യു ബൈക്ക് സ്വന്തമാക്കി. 1,20,000 ദിർഹമായിരുന്നു വില. പിന്നിലിരിക്കുന്നയാൾക്ക് ഏറ്റവും സുഖകരമായ യാത്രാനുഭവം നൽകുന്ന ബൈക്കാണിതെന്ന് സ്ഥിരം പിൻസീറ്റുകാരിയായ ഭാര്യ ഷിൻസി അഷ്റഫ് അഭിപ്രായപ്പെടുന്നു.
കോളേജിൽ പഠിക്കുമ്പോഴേ ഷിൻസിക്ക് ബൈക്കുകളോട് വലിയ താല്പര്യമുണ്ടായിരുന്നു. അഷ്റഫിനോടൊപ്പം അവർ പലപ്പോഴും ബൈക്ക് യാത്രകൾ പോയിരുന്നു. എന്നാൽ യുഎഇയിൽ എത്തിയ ഷിൻസി ഫോർ വീലർ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയെങ്കിലും ഇരുചക്രവാഹനത്തിന്റെ ലൈസൻസ് ഇതുവരെ എടുത്തിട്ടില്ല. പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കാഴ്ചകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്നതാണ് ഷിൻസി ലൈസൻസ് എടുക്കാത്തതിന് കാരണമെന്ന് പറയുന്നു. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറ്റായി ജോലി ചെയ്യുന്ന ഷിൻസി മോഹിനിയാട്ടം, ഭരതനാട്യം എന്നീ നൃത്തരൂപങ്ങൾ വർഷങ്ങളോളം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുണ്ട്. ജില്ലാ സ്കൂൾ തലത്തിൽ കലാതിലകപ്പട്ടം നേടിയ ഷിൻസി ഇന്ന് സുംബ നൃത്ത പരിശീലകയായും പ്രവർത്തിക്കുന്നു. വനിതകൾക്ക്, പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ളവർക്ക് മോട്ടിവേഷനൽ ക്ലാസുകളും നൽകുന്നുണ്ട്.
നല്ലൊരു എഴുത്തുകാരി കൂടിയായ ഷിൻസി യാത്രകളും മറ്റ് രസകരമായ അനുഭവങ്ങളും ഫേസ്ബുക്ക് പേജിൽ പതിവായി പങ്കുവെക്കാറുണ്ട്.അഷ്റഫ് കിരാലൂര്‍ യുഎഇയിലെ അറിയപ്പെടുന്ന നടനാണ്. അബുദാബിയിൽ നടക്കാറുള്ള ഭരത് മുരളി നാടകോത്സവത്തിൽ ഒന്നിലേറെ തവണ മികച്ച നടനുള്ള പുരസ്കാരം നേടി. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും നായകനായി. സമീർ, മ്യാവൂ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു കായിക താരം കൂടിയാണിദ്ദേഹം. യാത്രകളോടുള്ള ഇവരുടെ ഇഷ്ടം മക്കളായ ആമിന അഷ്റഫിനും (ദുബായിൽ അക്കൗണ്ടൻറ്റായി ജോലി ചെയ്യുന്നു) 12-ാം ക്ലാസ് വിദ്യാർഥിയായ അമീൻ അഷ്റഫിനും ലഭിച്ചിട്ടുണ്ട്.
∙ യാത്രാ വേളകളിൽ ശ്രദ്ധവേണം; ഉറുമ്പ് നൽകിയ മുന്നറിയിപ്പ്
പ്രവാസികൾക്ക് ഒഴിവുസമയം പുതിയ സ്ഥലങ്ങൾ കാണാനും പുതിയ ആളുകളെ പരിചയപ്പെടാനും ഉള്ള അവസരമാണ്. പലപ്പോഴും യാത്രകൾ അവരെ മരുഭൂമിയുടെ വിശാലതയിലേക്ക് കൊണ്ടുപോകാറുണ്ട്. അവിടെ അവർക്ക് അപ്രതീക്ഷിത സംഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. അത്തരമൊരു അനുഭവം ഷിൻസി അഷ്റഫ് പങ്കുവെക്കുന്നു.
ഷാർജയിലെ മലിഹ ഇരുവശങ്ങളും മനോഹരമായ മരുഭൂമിയുടെ ദൃശ്യങ്ങളാൽ അലങ്കൃതമായിരുന്നു. ഹൈവേയിൽ നിന്ന് ഇറങ്ങി ഉൾവഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ആശയം തോന്നി. നല്ല ഭംഗിയുള്ള ഒരു മണൽക്കൂനയ്ക്ക് മുകളിൽ കയറി ഒരു ഫോട്ടോ എടുക്കാൻ തീരുമാനിച്ചു. ഫോട്ടോ എടുത്ത് തിരിച്ചു ബൈക്കിൽ കയറിയതും ഷിൻസിക്ക് അസ്വസ്ഥത തോന്നി. കാലിൽ എന്തോ കുത്തിയത് പോലെയുള്ള വേദനയായിരുന്നു അത്. താഴേക്ക് നോക്കിയപ്പോൾ കാലിൽ ഒരു ഉറുമ്പ് കടിച്ചതായി കണ്ടു. വേദന അസഹ്യമായിരുന്നു.
കാലിന്റെ താഴെനിന്ന് ഒരുതരം തരിപ്പ് കയറുന്ന പോലെ.. കൈകളിൽ മെല്ലെ മെല്ലെ തടിപ്പും കണ്ടു തുടങ്ങി. ഭർത്താവിനോട് വണ്ടി നിർത്താൻ പറഞ്ഞപ്പോഴേയ്ക്കും കണ്ണുകളിൽ ഒരു മഞ്ഞളിപ്പ് പടർന്നു പിടിക്കുന്നതായും മാത്രമേ ഓർക്കുന്നുന്നുള്ളു. രണ്ടു മിനിറ്റിനുള്ളിൽ ഞാൻ പൂർണമായും കുഴഞ്ഞുവീണു. പിന്നീട് റോഡിൽ കിടക്കുന്ന ചെറിയ ഒരു ഓർമയുണ്ട്. ശ്വാസത്തിന്റെ വില എത്രത്തോളം ഉണ്ടെന്നുള്ളത് അന്നാണ് ശരിക്കും അനുഭവിച്ചറിഞ്ഞത്.
ഒരു ദീഘശ്വാസം കിട്ടാനായി ഞാൻ പാടുപെടുകയായിരുന്നു. പ്രാഥമിക ചികിത്സ അഷ്റഫ് തന്നെ നൽകി. തുടർന്ന് ആംബുലൻസ് വിളിച്ച് ഹോസ്പിറ്റലിൽ കൊണ്ടുപോയതും മെഡിക്കൽ എമർജൻസി ട്രീറ്റ്മെന്റ് തത്സമയം കിട്ടിയതും എല്ലാം കൊണ്ട് ജീവൻ തിരിച്ചുകിട്ടി.
ആശുപത്രിയിൽ എത്തുമ്പോഴേക്കും ശ്വാസം ഏറെക്കുറെ നിലച്ച മട്ടായിരുന്നത്രെ. പ്രാണികൾ കടിച്ചുണ്ടാകുന്ന ഇതുപോലുള്ള സംഭവങ്ങൾ പതിവുള്ളായതിനാൽ ആശുപത്രിയധികൃതർക്ക് കൂടുതൽ ചിന്തിക്കാതെ തന്നെ ചികിത്സ നൽകാൻ കഴിഞ്ഞു എന്നുള്ളത് വലിയ ഭാഗ്യമായി. പക്ഷേ ചില കേസുകൾ കൈവിട്ട് പോകാറുമുണ്ട് എന്നുള്ളത് മലയാളി നഴ്‌സ് പറഞ്ഞറിഞ്ഞു.