വിമാനനിരക്ക്: വർധന അവധിക്കാലത്തിനു മുൻപേ, തുക കൊടുത്താലും സീറ്റില്ല; പ്രവാസികൾക്ക് ദുരിതം നാലിരട്ടി
Mail This Article
അബുദാബി ∙ യുഎഇയിൽ മധ്യവേനലവധി തുടങ്ങാൻ 40 ദിവസം ശേഷിക്കെ വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടി ഉയർത്തി വിമാന കമ്പനികൾ. ഇത്രയും തുക കൊടുത്താൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് കിട്ടാനില്ല. പരിമിത സീറ്റിലേക്കു വരുംദിവസങ്ങളിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. മുംബൈ, ഡൽഹി തുടങ്ങി ഇന്ത്യൻ സെക്ടറുകൾ, വിദേശരാജ്യങ്ങൾ വഴിയുമുള്ള കണക്‌ഷൻ വിമാനത്തിൽ നാട്ടിലെത്താൻ മണിക്കൂറുകൾ എടുക്കുമെന്നതും കുടുംബമായി പോകുന്നവർക്ക് ബുദ്ധിമുട്ടാകുന്നു.
മാസങ്ങൾക്ക് മുൻപേ വർധന
മധ്യവേനൽ അവധിക്കായി ദുബായിൽ ജൂൺ 28നും മറ്റു എമിറേറ്റുകളിൽ ജൂലൈ 5നുമാണ് സ്കൂളുകൾ അടയ്ക്കുന്നത്. ഓഗസ്റ്റ് 26ന് സ്കൂൾ തുറക്കും. ഈ സമയം കണക്കാക്കി മാസങ്ങൾക്കു മുൻപുതന്നെ ഓൺലൈനിൽ നിരക്ക് കൂട്ടിവയ്ക്കുകയാണ് വിമാന കമ്പനികൾ. അതുകൊണ്ടുതന്നെ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താലും താരതമ്യേന ആനുപാതിക നിരക്ക് നൽകണം. വൈകുംതോറും നിരക്ക് കൂടുകയും ചെയ്യും. മക്കളുടെ സ്കൂൾ അവധിക്ക് അനുസരിച്ച് രക്ഷിതാക്കളുടെ അവധി ആസൂത്രണം ചെയ്യാൻ സാധിക്കാത്തതിനാൽ പലർക്കും നേരത്തെ ടിക്കറ്റ് എടുത്തുവയ്ക്കാൻ സാധിക്കാറില്ല. പലർക്കും രണ്ടു വർഷത്തെ സമ്പാദ്യമെല്ലാം വിമാന ടിക്കറ്റിനായി ചെലവഴിക്കേണ്ടിവരുന്നു. അതിനാൽ വർഷങ്ങളുടെ ഇടവേളയിലാണ് പലരും നാട്ടിലേക്കു പോകുന്നത്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് സ്കൂൾ അവധിക്കാലത്താണ്. ഈ സമയത്തെ വിമാന നിരക്ക് കുറയ്ക്കണമെന്ന ആവശ്യത്തിന് പ്രവാസത്തോളം പഴക്കമുണ്ടെങ്കിലും നിരക്കുവർധന മാറ്റമില്ലാതെ തുടരുകയാണ്.
മടക്കയാത്രയ്ക്ക് ഒരാൾക്ക് 60,000 രൂപ
ജൂലൈ ആദ്യവാരം കൊച്ചിയിലേക്കു പോയി ഓഗസ്റ്റ് അവസാന വാരം ദുബായിലേക്കു തിരിച്ചുവരാൻ ഇന്നലെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരാൾക്ക് ഏതാണ്ട് 60,000 രൂപയാണ് നിരക്ക്.
ഇതനുസരിച്ച് നാലംഗ കുടുംബത്തിന് 2.4 ലക്ഷം രൂപ വേണം. അവധിക്കാലം അടുക്കുംതോറും നിരക്ക് ഇനിയും ഉയരും. സീസൺ സമയത്ത് കേരളത്തിലേക്കു കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തിയും നിരക്കു കുറച്ചും യാത്രാ ക്ലേശത്തിന് അറുതിവരുത്തണമെന്ന് പ്രവാസികൾ ആവശ്യപ്പെട്ടു.