ദുബായിൽ 30 ഇലക്ട്രിക് ബസുകൾ നിരത്തിലേക്ക്; പരീക്ഷണ ഓട്ടം റൂട്ടിലെ സർവീസ് സൗജന്യം; നിരക്ക് പിന്നാലെ
Mail This Article
ദുബായ് ∙ പരിസ്ഥിതി ട്രാക്കിലേക്ക് കൂടുതൽ അടുത്ത് ദുബായ്. മൂന്നു മേഖലകളിലായി 30 ഇലക്ട്രിക് ബസ് സേവനത്തിനിറക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ബിസിനസ് ബേ, അൽവാസൽ റോഡ്, ദുബായ് മാൾ എന്നീ മേഖലകളിലേക്കാണ് ഇലക്ട്രിക് ബസ് സർവീസ് നടത്തുക.
ഇതിനായി ഡീസലിൽ പ്രവർത്തിക്കുന്ന ബസുകൾ ഇലക്ട്രിക് ആക്കി മാറ്റുമെന്നും കാർബൺ മലിനീകരണം കുറയ്ക്കുന്ന ഗതാഗത നയത്തിന്റെ ഭാഗമായാണ് നടപടിയെന്നും പറഞ്ഞു. ഇതേസമയം ടിക്കറ്റ് നിരക്കിനെക്കുറിച്ച് ആർടിഎ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ആർടിഎ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം നടത്തുകയാണ്. ലാമെർ മുതൽ അൽസുഫൂഹ് വരെ സർവീസ് സൗജന്യമാണ്. എങ്കിലും യാത്രക്കാർ ബസിൽ കയറുമ്പോൾ നോൽ കാർഡ് സ്വൈപ് ചെയ്യാറുണ്ടെന്നും പരീക്ഷണയോട്ടത്തിൽ പണം ഈടാക്കില്ലെന്നും പറഞ്ഞു.
ലാമെർ സൗത്തിൽനിന്ന് റാഷിദ് ബിൻ ബക്കിത് മസ്ജിദ്, മജ്‍ലിസ് അൽ ഗൊറൈഫ, ഉമ്മുസുഖീം1, ഉമ്മുസുഖീം പാർക്ക്, വൈൽഡ് വാദി, മെർകാറ്റൊ മാൾ, ബുർജ് അൽ അറബ്, അൽ സുഫൂഹ് ട്രാം സ്റ്റേഷൻ, ദുബായ് ഓഫ്ഷോർ സെയ്‍ലിങ് ക്ലബ് എന്നീ പ്രദേശങ്ങളിലാണ് പരീക്ഷണയോട്ടം. ഇതു വിജയകരമായതിനാലാണ് ഡീസൽ ബസുകളെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കുന്നതെന്നും വിശദീകരിച്ചു.