നിയമം പാലിക്കണം, നിർദേശങ്ങളും: തീർഥാടകരോട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്
Mail This Article
ജിദ്ദ ∙ ഇന്ത്യൻ ഹജ് തീർഥാടകർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. പൊതുസ്ഥലങ്ങളിലും മറ്റും കിടക്കുന്ന വസ്തുക്കൾ എടുക്കരുത്, തിരിച്ചറിയാനും മറ്റുമായി കൊടിയോ ബാനറോ പോലുള്ളവ ഉപയോഗിക്കരുത്, പുണ്യസ്ഥലങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മാർഗനിർദേശം പാലിക്കുക, വാണിജ്യ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കോൺസൽ ജനറൽ ഓർമിപ്പിച്ചു.
തീർഥാടകർക്കായി ഇന്ത്യൻ ഹജ് മിഷന്റെ നേതൃത്വത്തിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയുള്ളവർ ഹജ് മിഷനുമായി ബന്ധപ്പെടണമെന്നും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.
മദീനയിൽ താമസം ഹറമിനടുത്ത്
മദീനയിൽ ഹറമിന് സമീപത്തും മക്കയിൽ അസീസിയയിലുമാണ് ഇന്ത്യൻ തീർഥാടകർക്ക് താമസം ഒരുക്കിയിരിക്കുന്നത്. മിനായിൽ ഒന്നു മുതൽ നാലു സോണുകളിലായാണ് ഇന്ത്യക്കാരുടെ കൂടാരം. ഇന്ത്യയിൽനിന്ന് ഇതുവരെ 52,000 തീർഥാടകരാണ് സൗദിയിൽ എത്തിയത്. ഇതിൽ 30,000 പേർ മദീനയിലും 22,000 പേർ മക്കയിലുമാണ്. ഇന്ത്യയിലെ വിവിധ സെക്ടറുകളിൽനിന്നായി മലയാളികൾ അടക്കം ദിവസേന 4000 തീർഥാടകർ എത്തിക്കൊണ്ടിരിക്കുന്നു.
തനിച്ചെത്തുന്നത് 5000 വനിതകൾ
ആൺതുണയില്ലാതെ (മഹ്റം) 5000 വനിതകൾ ഇത്തവണ ഹജ് നിർവഹിക്കും. ഇവർക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനുള്ള നടപടികളും ഊർജിതമാക്കി. മിനായിൽ വനിതാ ആശുപത്രിയും ഒരുക്കിയിട്ടുണ്ട്.
1.75 ലക്ഷം തീർഥാടകർ
ഇന്ത്യയിൽനിന്ന് ഈ വർഷം മൊത്തം 1,75,025 തീർഥാടകരാണ് ഹജ് നിർവഹിക്കുക. ഇതിൽ 140,020 പേർ കേന്ദ്ര ഹജ് കമ്മിറ്റി വഴിയും 35,005 പേർ സ്വകാര്യ ഗ്രൂപ്പുകളിലുമായാണ് എത്തുക. വാർത്താസമ്മേളനത്തിൽ ഹജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ, പ്രസ് ഇൻഫർമേഷൻ കൾചർ, കൊമേഴ്‌സ് വിഭാഗം കോൺസൽ മുഹമ്മദ് ഹാഷിം എന്നിവരും പങ്കെടുത്തു.
ജൂൺ 21 വരെ തീർഥാടകർക്ക് മാത്രം മക്ക പ്രവേശനം
മക്കയിലേക്കുള്ള പ്രവേശനം ജൂൺ 21 വരെ ഹജ് തീർഥാടകർക്കു മാത്രമായി പരിമിതപ്പെടുത്തി. തിരക്കു നിയന്ത്രിച്ച് തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഈ കാലയളവിൽ മക്കയിലേക്ക് സന്ദർശക വീസക്കാരെ പ്രവേശിപ്പിക്കില്ല.