എഐ അധിഷ്ഠിത പാഠ്യപദ്ധതിക്ക് തുടക്കമിട്ട് തുംബെ ഇൻസ്റ്റിറ്റ്യൂട്ട്
Mail This Article
ദുബായ് ∙ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ചികിത്സാരംഗത്തും നിർമിത ബുദ്ധിക്കു (എഐ) മാത്രമായി പ്രത്യേക വിഭാഗം ആരംഭിച്ച് തുംബെ ഗ്രൂപ്പ്. ആരോഗ്യ രംഗം പുതുയുഗത്തിലേക്കു മാറുമ്പോൾ നിർമിത ബുദ്ധിയുടെ പങ്കാളിത്തം മാറ്റിനിർത്താനാവില്ലെന്ന് തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ പറഞ്ഞു.
ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ തുംബെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഐ ഇൻ ഹെൽത്ത്‌കെയറിനു കീഴിൽ എഐ അധിഷ്ഠിത പാഠ്യപദ്ധതി വിദ്യാർഥികൾക്കു ലഭ്യമാക്കും. ആരോഗ്യ രംഗത്തെ എല്ലാ പഠന ശാഖയിലും എഐ അധിഷ്ഠിത കോഴ്സ് നൽകും. ഭാവിയിൽ ഇതിനു മാത്രമായി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ആരംഭിക്കും.
ക്ലിനിക്കുകൾ, തുംബെ ഗ്രൂപ്പിന്റെ ആശുപത്രികൾ, ഡേകെയർ സെന്ററുകൾ, ഡയഗ്നോസ്റ്റിക്സ്, ഫാർമസികൾ എന്നിവയിലുടനീളം കാര്യക്ഷമത വർധിപ്പിക്കുന്നതിന് എഐ ഡിവിഷൻ സജ്ജമാക്കും. ഫിനാൻഷ്യൽ മാനേജ്മെന്റ്, പേഷ്യന്റ് ഷെഡ്യൂളിങ്, ബില്ലിങ്, മാർക്കറ്റിങ്, റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ ജോലികൾ കാര്യക്ഷമമാക്കാൻ എഐ സാങ്കേതിക സൗകര്യം ഉപയോഗിക്കും.
മാനുഷിക പിഴവ് കുറയ്ക്കുകയും രോഗീപരിചരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. മെഡിക്കൽ വിദ്യാഭ്യാസത്തിലും ക്ലിനിക്കൽ ഹെൽത്ത് കെയർ ഡെലിവറിയിലും വളർച്ച നേടുന്നതിന് ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് ഗ്രൂപ്പ് പരിശ്രമിക്കുമെന്നും ഡോ. മൊയ്തീൻ പറഞ്ഞു.