ദുബായിൽ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ
Mail This Article
ദുബായ് ∙ മധ്യപൂർവദേശത്തെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി ദുബായിൽ ആദ്യത്തെ ടെലിവിഷൻ റിയാലിറ്റി ഷോ ക്യാംപ് വിത് ചാംപ്യൻ സംഘടിപ്പിക്കുന്നു. ദുബായ് സ്പോർട്സ് കൗൺസിൽ, എസ്എസ്എഫ് കോർപറേഷൻ എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്‍റെ ഉടമസ്ഥതയിലുള്ള വൈഎഎസ്‌സിഇയാണ് പരിപാടിയുടെ സംഘാടകർ. മധ്യപൂർവദേശത്തെ വാഗ്ദാനങ്ങളായ കായിക പ്രതിഭകളുടെ കഴിവുകൾ അവലോകനം ചെയ്യുകയും വിവിധ ക്രിക്കറ്റ് ടീമുകളിൽ ചേരാൻ അവരിൽ മികച്ചവരെ നിര്‍ദേശിക്കുകയും ചെയ്യും.
കായിക പ്രതിഭകളെ വികസിപ്പിക്കുക, ക്രിക്കറ്റിൻ്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെയും യുഎഇയിൽ ഈ കായികയിനം പരിശീലിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്. എച്ച്ഇ ഡിഎസ്‌സി സെക്രട്ടറി ജനറൽ സയീദ് ഹരേബ് സംഘാടകർക്കൊപ്പം യുവരാജ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
∙ അസ്ഹറുദ്ദീൻ, ഹർഭജൻ സിങ്, ഇമ്രാൻ താഹിർ എത്തും
ദ് ക്യാംപ് വിത് ചാംപ്യൻ ടെലിവിഷൻ ഷോയിൽ ഇന്ത്യൻ ക്രിക്കറ്റ് മുൻ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, ഹർഭജൻ സിങ്, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ എന്നിവരുമായി സംവദിക്കാനും പരിശീലനം നേടാനും അവസരം ലഭിക്കും. പങ്കെടുക്കുന്നവരിൽ അഞ്ച് പേർ അടുത്ത സീസണിൽ വേൾഡ് ക്രിക്കറ്റ് ലീഗിൽ (ഡിപി വേൾഡ് ഐഎൽടി 20) പങ്കെടുക്കും. എല്ലാ ആഴ്ചയും ആറ് എപിസോഡുകളാണ് പ്രമുഖ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുക.
പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 8 ടീമുകൾ സംയോജിപ്പിച്ച് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു. ടീമുകളിൽ അണ്ടർ 19, അണ്ടർ 16 വിഭാഗങ്ങളിലെ കളിക്കാരും സന്തുലിതമായ 10 റൗണ്ട് ഫോർമാറ്റിൽ മത്സരിക്കുന്ന വനിതാ ടീമും ഉൾപ്പെടുന്നു. ഈ പുതിയ രീതി ടീം വർക്ക് വികസിപ്പിക്കുകയും വൈവിധ്യമാർന്ന കഴിവുകൾ പുറത്തുകൊണ്ടുവരികയും ചെയ്യുമെന്ന് സംഘാടകർ . ഇതിനകം യുവരാജ് നേതൃത്വം നൽകിയ ഏഴ് ദിവസത്തെ പരിശീലന ക്യാംപ് നടത്തി.
ദുബായ് സ്പോർട്സ് കൗൺസിൽ കമ്യൂണിക്കേഷൻ ആന്‍ഡ് മാർക്കറ്റിങ് ഡയറക്ടർ ഖാലിദ് അൽ അവാർ, യുഎഇ ക്രിക്കറ്റ് പരിശീലകൻ ലാൽചന്ദ് സിത്സ്റാം, ദക്ഷിണാഫ്രിക്കൻ താരം ഇമ്രാൻ താഹിർ, നടൻ റൺവിജയ് സിങ്, പാക് ക്രിക്കറ്റ് താരം സുബ്ഹാൻ അഹ്മദ്, ക്രിക്കറ്റ് ലീഗ് പ്രസിഡൻ്റും മുൻ ന്യൂസിലാൻഡ് താരവുമായ ഡേവിഡ് വൈറ്റ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.