വീസ ഓൺ അറൈവൽ: അനുമതിയുളള ഇന്ത്യക്കാർ മുൻകൂട്ടി അപേക്ഷിക്കണം
Mail This Article
ദുബായ് ∙ യുഎഇയിൽ വീസ ഓൺ അറൈവലിന് അനുമതിയുള്ള ഇന്ത്യക്കാർ യാത്രയ്ക്കു മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജിഡിആർഎഫ്എ). നേരത്തെ വിമാനത്താവളത്തിൽ മർഹബ സെന്ററിൽ നിന്ന് വീസ സ്റ്റാംപ് ചെയ്തു ലഭിക്കുമായിരുന്ന സൗകര്യം ഇനിയുണ്ടാകില്ല. മുൻകൂട്ടി ഓൺലൈനിലൂടെ അപേക്ഷിച്ച് വീസ ലഭിച്ച ശേഷമേ യാത്ര ചെയ്യാവൂ. 14 ദിവസത്തേക്കാണ് ഓൺ അറൈവൽ വീസ ലഭിക്കുക. 14 ദിവസത്തേക്കു കൂടി നീട്ടാനും സാധിക്കും.
യുഎസ് ഗ്രീൻകാർഡ്, റസിഡൻസ് വീസ, യുകെ, യൂറോപ്യൻ യൂണിയൻ വീസ ഉള്ളവർക്കാണ് വീസ ഓൺ അറൈവലിന് അനുമതി. വീസ ഫീസും വർധിപ്പിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 253 ദിർഹം ഫീസായി അടയ്ക്കണം. നേരത്തെ 150 ദിർഹമായിരുന്ന വിമാനത്താവളത്തിലെ ഫീസ്. ജിഡിആർഎഫ്എയുടെ https://smart.gdrfad.gov.ae എന്ന വെബ്സൈറ്റിലാണ് വീസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്പോർട്ട്, യുകെ/യുഎസ് വീസ, വെളുത്ത പശ്ചാത്തലത്തിലുള്ള ചിത്രം എന്നിവയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. അപേക്ഷിച്ച് 48 മണിക്കൂറിനകം വീസ ലഭിക്കും.
വീസ ലഭിക്കാൻ
∙ അപേക്ഷകന് യുഎഇയിൽ പ്രവേശിക്കുന്നതിന് വിലക്കുകൾ ഉണ്ടാകരുത്.
∙ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധി ഉണ്ടാകണം
∙ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ വീസയ്ക്ക് കുറഞ്ഞത് 6 മാസം കാലാവധിയുണ്ടാകണം.