ദുബായിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ മുതൽ വിലക്ക്; മുറുകെപ്പിടിക്കാം തുണിസഞ്ചി
Mail This Article
ദുബായ് ∙ ജൂൺ ഒന്നു മുതൽ ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കും. 25 പൈസ കൊടുത്താൽ പ്ലാസ്റ്റിക് ബാഗുകൾ ലഭിച്ചിരുന്നു. ഇതാണ് പൂർണമായി നിർത്തലാക്കുന്നത്. പകരം ഒന്നിലേറെ തവണ ഉപയോഗിക്കാവുന്ന തുണി സഞ്ചികളിലേക്കു മാറാനാണ് നഗരസഭയുടെ നിർദേശം. 2026ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന മുഴുവൻ ഉൽപന്നങ്ങളും ഘട്ടംഘട്ടമായി നിർത്തലാക്കും.
നിരോധന നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്നതുമൂലമാണ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിക്കുന്നത്. 57 മൈക്രോമീറ്ററിൽ കൂടുതൽ കനം കുറഞ്ഞ എല്ലാ തരം ബാഗുകൾ, ബയോഡീഗ്രേഡബിൾ ബാഗുകൾ എന്നിവയും നിരോധിച്ചു.
ഇളവ്
ബ്രെഡ് ബാഗുകൾ, പച്ചക്കറികൾ, മത്സ്യം, മാംസം എന്നിവയ്ക്കുള്ള റോൾ ബാഗുകൾ, 57 മൈക്രോമീറ്ററിൽ കൂടുതൽ കട്ടിയുള്ള ബാഗുകൾ, ലോൺട്രി ബാഗുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ബാഗുകൾ, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ സഞ്ചികൾ, ധാന്യ സഞ്ചികൾ.