ADVERTISEMENT

അബുദാബി ∙ വീട്ടിലിരുന്ന് നിമിഷ നേരംകൊണ്ട് പണം സമ്പാദിക്കാം എന്ന പരസ്യം കണ്ടിറങ്ങിയ മലയാളികൾക്ക് ധനനഷ്ടം മാത്രമല്ല നിയമപ്രശ്നങ്ങളും യാത്രാവിലക്കും. ഓൺലൈൻ പാർട്‌ടൈം ജോലിയിലൂടെ അധിക വരുമാനം കണ്ടെത്താൻ ഇറങ്ങിയവരാണ് കുടുങ്ങിയത്. സാമാന്യം ഭേദപ്പെട്ട ജോലി ചെയ്യുന്ന 4 ചെറുപ്പക്കാരാണ് വഞ്ചിക്കപ്പെട്ടത്. തട്ടിപ്പാണെന്നറിയാതെ ദിവസേന നൂറുകണക്കിന് പേർ ചതിയിൽ വീഴുന്നതെന്നാണ് സൂചന. 

ഇൻസ്റ്റഗ്രാം വിഡിയോയ്ക്കിടെ കണ്ട ഒരു പരസ്യമാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ആകർഷിച്ചത്. 10 ഓൺലൈൻ പാർട് ടൈമേഴ്സിനെ ആവശ്യമുണ്ട്. ദിവസേന ശമ്പളം 260–850 ദിർഹം, പ്രായം 23–58, മുൻപരിചയം ആവശ്യമില്ല. ഇഷ്ടമുള്ള സമയത്ത് ജോലി ചെയ്യാം എന്നതായിരുന്നു പരസ്യം.

തട്ടിപ്പുകാരുടെ പരസ്യം.
തട്ടിപ്പുകാരുടെ പരസ്യം.

പണി ക്രിപ്റ്റോ കറൻസിയാക്കൽ
ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദാംശം ചോദിച്ചറിഞ്ഞു. ഇൻവെസ്റ്റ്മെന്റ് കമ്പനിയാണെന്നും വരുന്ന ഫണ്ട് എടുത്ത് ക്രിപ്റ്റോ കറൻസിയാക്കി അവർ പറയുന്ന അക്കൗണ്ടിലേക്ക് തിരിച്ച് അയച്ചുകൊടുക്കുക മാത്രമാണ് ജോലിയെന്നും ഒരു ശതമാനം കമ്മിഷൻ ലഭിക്കുമെന്നും വിശദീകരിച്ചു. 

ഒരാളുടെ അക്കൗണ്ടിൽനിന്ന് വൻതോതിൽ തുക വിദേശത്തേക്ക് അയയ്ക്കാൻ സാധിക്കില്ലെന്ന യുഎഇ നിയമം മറികടക്കാനാണ് പലരുടെയും അക്കൗണ്ടിൽനിന്ന് അയയ്ക്കുന്നതെന്നും ഇത് നിയമവിധേയമാണെന്നും തട്ടിപ്പുകാർ പറഞ്ഞതിൽ വിശ്വസിച്ച് ഇറങ്ങിയവരാണ് കുടുങ്ങിയത്. 

അക്കൗണ്ട് ബ്ലോക്കായി, പൊലീസും വിളിച്ചു
കാര്യമായ പണിയില്ലാതെ കമ്മിഷൻ കിട്ടുന്ന ജോലിയിൽ മലപ്പുറത്തുകാരൻ ആക‍ൃഷ്ടനായി. ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയായതിനാൽ സംശയിച്ചില്ല. ആദ്യ ദിവസം അക്കൗണ്ടിലേക്ക് പലരും അയച്ചുകൊടുത്ത തുകയെല്ലാം ചേർത്ത് 15,000 ദിർഹം ക്രിപ്റ്റോ കറൻസിയാക്കി അവർ നിർദേശിച്ച അക്കൗണ്ടിലേക്ക് അയച്ചപ്പോൾ കമ്മിഷനായി 150 ദിർഹം ലഭിച്ചു. അടുത്ത ദിവസവും ഇതു തുടർന്നു. കാര്യമായ അധ്വാനമില്ലാതെ വട്ടച്ചെലവിനുള്ള തുക ലഭിച്ചതറിഞ്ഞ ഇയാളുടെ മറ്റു 3 സുഹൃത്തുക്കളും പാർട്ട്‌ടൈം ജോലിയിൽ ചേർന്നു.

കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് എല്ലാവരും. 3 ദിവസത്തിനകം 4 പേരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയ 2 ലക്ഷം ദിർഹം ക്രിപ്റ്റൊ കറൻസിയാക്കി അയച്ചുകൊടുത്തു. നാലാൾക്കും കൂടി 2000 ദിർഹം കമ്മിഷനും അക്കൗണ്ടിലെത്തി. എന്നാൽ നാലാം ദിവസം ഒരാളുടെ അക്കൗണ്ട് ബ്ലോക്കായി. വൈകാതെ മറ്റു 3 പേരുടെയും അക്കൗണ്ടുകളും മരവിപ്പിച്ചു. തൊട്ടുപിന്നാലെ ഖോർഫക്കാൻ പൊലീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിളിയെത്തി. തട്ടിപ്പുകാരുടെ കെണിയിലകപ്പെട്ട് പണം നഷ്ടപ്പെട്ട ഖോർഫക്കാനിൽനിന്നുള്ള ഒരു സ്ത്രീ നൽകിയ പരാതിയിൽ രേഖപ്പെടുത്തിയ അക്കൗണ്ട് നമ്പറുകളിൽ ഈ മലയാളികളുടേതുമുണ്ടായിരുന്നു. 

നാട്ടിലെത്താൻ, കേസ് തീരണം 
സാമ്പത്തിക തട്ടിപ്പു കേസിലെ കണ്ണികളെന്നതിനാൽ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ പൊലീസ് പിടികൂടി. ആദ്യം ജയിലിൽ അടച്ചെങ്കിലും തട്ടിപ്പാണെന്ന് അറിയാതെ കുടുങ്ങിയതാണെന്ന് മനസ്സിലാക്കിയതോടെ പാസ്പോർട്ട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. 

എന്നാൽ കേസ് തീരുന്നതുവരെ ഇവർക്ക് യാത്രാവിലക്കുണ്ട്. അക്കൗണ്ടിലേക്ക് പണം അയച്ച മുഴുവൻ പേരും പരാതി നൽകിയാൽ എല്ലാ കേസുകളിലും വിവിധ കോടതികളിൽ ഹാജരായി കേസിൽ വിധിയായി പിഴയടച്ച് വിടുതൽ നേടിയാൽ മാത്രമേ ഇനി ഇവർക്ക് നാട്ടിലെത്താനാകൂ.

നിയമസഹായത്തിന് പണമില്ല
നിയമസഹായം തേടി മലയാളികൾ ഉൾപ്പെടെ അഭിഭാഷകരെ സമീപിച്ചപ്പോൾ വക്കീൽ ഫീസ് 20,000 ദിർഹം വേണമെന്നും മണിക്കൂറിന് 10,000 ദിർഹം വേണമെന്നുമാണ് പലരും ആവശ്യപ്പെടുന്നതെന്നും ഇവർ പറയുന്നു. വൻ സാമ്പത്തിക ബാധ്യതയിൽ കുടുങ്ങിയതിനാൽ ഇത്രയും തുക വക്കീലിനു നൽകാനില്ലാത്ത സ്ഥിതിയുമാണ്.

ഇരകളെ വീഴ്ത്തുന്ന രീതി
തട്ടിപ്പുകാർ ഇരകളെ വലയിലാക്കുകയും പണം നിശ്ചിത അക്കൗണ്ടിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് രീതി. ഒരേസമയം നൂറുകണക്കിന് ആളുകൾ ചെറുതും വലുതുമായി അയച്ച പണമെല്ലാം ചേർത്താണ് ക്രിപ്റ്റോ കറൻസിയാക്കി മലയാളികൾ തിരിച്ച് അയച്ചുകൊടുത്തത്. ഇതേസമയം ഇങ്ങനെ പണം നഷ്ടപ്പെട്ടവരിൽ ഓരോരുത്തരും പരാതി നൽകുന്നത് അനുസരിച്ച് കേസുകളുടെ എണ്ണവും കൂടുകയാണ്. ഓരോ ദിവസവും യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ വിവിധ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഫോൺ വിളി എത്തുന്നത്.

English Summary:

Pravasi Malayalees stuck in UAE - New job scam in the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com