സൗദിയുടെ വടക്കൻ അതിർത്തിയിലെ മരുഭൂമിയെ പച്ചപ്പണിയിച്ച് കേപ്പർ ബുഷ്
Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ വടക്കൻ അതിർത്തികളിൽ തഴച്ചുവളർന്ന് കേപ്പർ ബുഷ് അഥവാ ഫ്ലിൻഡേഴ്സ് റോസ്. ഔഷധഗുണമുള്ള ഈ കുറ്റിച്ചെടിയിൽ മനോഹരമായ വെളുത്ത പൂക്കളും ഭക്ഷ്യയോഗ്യമായ പഴവും ഉണ്ട്.
മരുഭൂമിയിലെ കാലാവസ്ഥയിൽ കേപ്പർ തഴച്ചുവളരുന്നു. ഉയർന്ന ഊഷ്മാവിനോട് പൊരുത്തപ്പെടുന്ന സസ്യത്തിന്റെ വളർച്ചയ്ക്ക്, കുറഞ്ഞ ജലം മതി. ഇതിന്റെ വേരുകൾ മണ്ണിനെ സ്ഥിരപ്പെടുത്തുകയും മണ്ണൊലിപ്പും മരുഭൂവത്ക്കരണവും തടയാനും സഹായിക്കുന്നു.
പൂന്തേനാൽ സമ്പന്നമായ പൂക്കൾ തേനീച്ചകളടക്കമുള്ള പ്രാണികളെ ആകർഷിച്ച് പരാഗണം സാധ്യമാക്കുകയും മരുഭൂമിയിലെ ആവാസവ്യവസ്ഥയെ കൂടുതൽ സമ്പന്നമാക്കുകയും ചെയ്യുന്നു.
കേപ്പർ ബുഷിന്റെ സാമ്പത്തിക ശേഷിയും ശ്രദ്ധ ആകർഷിക്കുന്നു. കേപ്പർ ബുഷ് ഉപയോഗിച്ച് വിവിധതരം ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കുന്നു. പിയർ ആകൃതിയിലുള്ള ഇതിന്റെ പഴവും ഭക്ഷ്യയോഗ്യമാണ്.