വിമാനടിക്കറ്റ് നിരക്കിളവ്, മിനിമം അക്കൗണ്ട് ബാലന്‍സ് വേണ്ട; ദുബായില്‍ വിദ്യാഥികള്‍ക്കുളള 10 ആനുകൂല്യങ്ങൾ
Mail This Article
ദുബായ് ∙ വിമാനടിക്കറ്റിലും നോല്‍കാർഡിലും നിരക്കിളവ് മുതല്‍ ബർഗറിലെ വിലക്കുറവ് വരെ, ദുബായില്‍ പഠിക്കുന്ന വിദ്യാഥികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാണ്. എമിറേറ്റില്‍ പഠിക്കുന്ന വിദ്യാഥികളുടെ ചെലവുകുറയ്ക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് വിവിധ ആനുകൂല്യങ്ങള്‍ നടപ്പിലാക്കിയിട്ടുളളത്.
1. വിമാനടിക്കറ്റ് നിരക്കിളവ്
എമിറേറ്റ്സ് വിമാനകമ്പനി വിദ്യാഥികള്‍ക്ക് ഇക്കണോമിയിലും ബിസിനസ് ക്ലാസിലും 10 ശതമാനം ടിക്കറ്റ് നിരക്കിളവ് നല്‍കുന്നുണ്ട്. 10 കിലോ അധിക ബാഗേജ് അലവന്‍സും ലഭിക്കും. 2025 മാർച്ച് 31 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് ബാധകമാകുക.16 നും 31 നും ഇടയില്‍പ്രായമുളള വിദ്യാഥികള്‍ക്ക് ഇളവ് പ്രയോജനപ്പെടുത്താം. യുഎഇയിൽ താമസിക്കുന്ന വിദേശ വിദ്യാഥികൾക്കും ഇത് ബാധകമാണ്. ബുക്കിങ് സമയത്ത് 'STUDENT' എന്ന പ്രൊമോ കോഡ് ഉപയോഗിക്കുകയും ചെക്ക് ഇന്‍ചെയ്യുമ്പോൾ വിദ്യാഥിയാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കുകയും വേണം.
വിദ്യാഭ്യാസത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാഥികള്‍ക്ക് ഇത്തിഹാദ് എയർവേസ് ഇക്കോണമി ക്ലാസില്‍10 ശതമാനവും ബിസിനസ് ക്ലാസില്‍ 5 ശതമാനവും ടിക്കറ്റ് നിരക്കിളവ് നല്‍കുന്നു. 18 നും 32 നും ഇടയിൽ പ്രായമുള്ള വിദ്യാഥികൾക്ക് ഇത് ലഭ്യമാകും.
ഇന്ത്യ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്റൈന്‍, ബംഗ്ലാദേശ്, ബെല്‍ജിയം, ചൈന, ഡെന്‍മാർക്ക്, ഫ്രാന്‍സ്, ജർമനി, ഗ്രീസ്, ഇന്തോനേഷ്യ, അയർലൻഡ് ഉള്‍പ്പടെയുളള രാജ്യങ്ങളില്‍നിന്നുളള വിദ്യാഥികള്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം. ജൂണ്‍ 2024 ന് മുന്‍പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫർ ലഭിക്കുക. വിദ്യാഥിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ഹാജരാക്കണം. എത്തിഹാദ് ഗസ്റ്റ് പോർട്ടലിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്.
2. ഫസാ ലോയല്‍റ്റി കാർഡ്
ദുബായ് കിരീടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ വിളിപ്പേരാണ് ഫസ. ഫസയുടെ പേരിലുളള ഫസാ സ്റ്റുഡന്‍റ് കാർഡ് നിരവധി ഓഫറുകളാണ് നൽകുന്നത്. റസ്റ്ററന്‍റുകളിലും സർവകലാശാല പരിപാടികളിലും, ലൈബ്രറികളിലും, സിനിമയ്ക്കുമെല്ലാം ഫസാ ലോയല്‍റ്റി കാർഡ് ഉപയോഗിക്കാം.
3. ബാങ്ക് അക്കൗണ്ട്
ഉന്നത വിദ്യാഭ്യാസത്തിനൊപ്പം വരുമാനമെന്ന രീതിയില്‍പലരും ഇന്‍റേണ്‍ഷിപ്പുകളും ചെയ്യാറുണ്ട്. വിദ്യാഥികള്‍ക്ക് സഹായകരമാകുകയെന്ന ലക്ഷ്യത്തോടെ വിവിധ ബാങ്കുകള്‍ വിദ്യാഥി പാക്കേജുകൾ നല്‍കുന്നുണ്ട്. ഫീസൊന്നും ഇല്ലാതെ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും മിനിമം ബാലന്‍സ് ഇല്ലാതെ അക്കൗണ്ട് നിലനിർത്താനും കഴിയുമെന്നതാണ് പ്രത്യേകത. എഡിസിബി, ലിവ്, എഡിഐബി, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി തുടങ്ങിയ ബാങ്കുകളാണ് വിദ്യാഥി പാക്കേജുകള്‍ നല്‍കുന്ന ബാങ്കുകളില്‍ചിലത്.
4. നോല്‍കാർഡ്
വിദ്യാഥികള്‍ക്ക് വ്യക്തിഗത ബ്ലൂ നോല്‍ കാർഡ് ലഭിക്കും. ഈ ബ്ലൂ നോല്‍കാർഡ് ഉപയോഗിച്ച് അഞ്ച് വയസ്സു മുതല്‍ 23 വയസ്സുവരെയുളള വിദ്യാഥികള്‍ക്ക് പകുതി നിരക്കില്‍ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യാനാകും.
5. ഡ്രൈവിങ് പഠിക്കാന്‍ സൗകര്യപ്രദമായ സമയം വാഗ്ദാനം ചെയ്ത് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
ക്ലാസുകളുടെ സമയക്രമത്തിന് അനുസൃതമായി ഡ്രൈവിങ് പഠിക്കാന്‍ സൗകര്യപ്രദമായ സമയം വിദ്യാഥികള്‍ക്ക് അനുവദിച്ച് നല്‍കി വിവിധ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍. യുഎഇയിൽ 17 വയസ്സും ആറുമാസവും കഴിഞ്ഞവർക്ക് ഡ്രൈവിങ് കോഴ്‌സിന് ചേരാം. 18 വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവിങ് ലൈസന്‍സ് നല്‍കൂ. എമിറേറ്റ്‌സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് നല്‍കുന്ന യൂത്ത് പാക്കേജിൽ പൂജ്യം ശതമാനം പലിശയിൽ ഫീസ് തവണകളായി അടക്കാം. വിദ്യാഥി വിജയിക്കുന്നത് വരെ പരിധിയില്ലാത്ത ടെസ്റ്റുകളും പരിശീലനവും ഇ ലെക്ചറുകളും നൽകും. ഒരു ദിവസം നാല് മണിക്കൂർ വരെ അല്ലെങ്കിൽ ആഴ്ചയിൽ എട്ട് മണിക്കൂർ വരെ ഫാസ്റ്റ് ട്രാക്ക് പരിശീലനമുണ്ട്. ശനിയാഴ്ചയും നേരത്തെ നിശ്ചയിച്ച പരിശീലന സമയമൊഴികെയുളള സമയത്തും ഇത് ലഭ്യമാണ്. വിദ്യാഥികള്‍ക്ക് അവരുടെ പരിശീലന ക്ലാസുകള്‍ ഊഴമനുസരിച്ച് ബുക്ക് ചെയ്യാം.
6 സിനിമ കാണാം
വിദ്യാഥികള്‍ക്ക് റോക്സി സിനിമയില്‍ 59 ദിർഹത്തിന് സിനിമകാണാം. ഒപ്പം പോപ് കോണും ശീതളപാനീയവും ലഭിക്കും. ദുബായ് ഹില്‍സ് മാള്‍, സിറ്റി വാക്ക്, ദ ബീച്ച് ജെബിആർ എന്നിവിടങ്ങളിലെ റോക്സി സിനിമയില്‍ തിങ്കല്‍ മുതല്‍ വെള്ളി വരെ വൈകിട്ട് ആറുമണിവരെയാണ് ആനുകൂല്യം ലഭിക്കുക. വിദ്യാഥിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ (തിരിച്ചറിയല്‍കാർഡ്) ഹാജരാക്കണം.
7. പിന്തുണച്ച് ആപ്പിളും സാംസങും
യുഎഇയിലെ അംഗീകൃത സർവകലാശാലകളില്‍പഠിക്കുന്ന ഫുള്‍ടൈം പാർട്ട് ടൈം വിദ്യാഥികള്‍ക്ക് സാംസങ്ങ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ 30 ശതമാനം ഇളവ് നല്‍കുന്നുണ്ട്. സൗജന്യ ഡെലിവറിയും 14 ദിവസത്തിനുളള സൗജന്യ റിട്ടേണും ലഭിക്കും. വിദ്യാഥികള്‍ക്ക് പണം തവണകളായി അടയ്ക്കാനുളള സൗകര്യവുമുണ്ട്. രണ്ട് വർഷത്തിനിടെ മൊത്തം 110,190 ദിർഹം മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍വാങ്ങാനാണ് ആനുകൂല്യം. ഓരോ വർഷത്തിലും നിശ്ചിത വിഭാഗത്തിലെ അഞ്ച് ഉല്‍പന്നങ്ങള്‍മാത്രമേ വാങ്ങാനുകൂ. സാംസങ് എജ്യുക്കേഷൻ സ്റ്റോറിൽ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാം.
ആപ്പിള്‍മാക്സ്, ഐപാഡുകൾ, തിരഞ്ഞെടുത്ത ആക്‌സസറികൾ, ഡിസ്‌പ്ലേകൾ, ആപ്പിള്‍കെയർ പ്ലസ്, ഐപാഡ് ആപ്പിള്‍കെയർ പ്ലസ്, മാക് ആപ്പിള്‍കെയർ പ്ലസ് എന്നിവ ആപ്പിള്‍ എജ്യുക്കേഷൻ സ്റ്റോറിലൂടെ വിദ്യാഥികള്‍ക്ക് ഇളവോടെ ലഭിക്കും.
8. സംഗീതമാസ്വദിക്കാം
വിദ്യാഥികള്‍ക്കുളള പ്ലാനിൽ സ്പോട്ടിഫൈ ഒരുമാസത്തെ സൗജന്യ സേവനമാണ് നല്‍കുന്നത്. ഒരു മാസം കഴിഞ്ഞാല്‍ 11.99 ദിർഹത്തിന് പാട്ടുകൾ ഡൗണ്‍ലോഡ് ചെയ്ത് കേള്‍ക്കാം. 18 വയസ്സിന് മുകളിലുളള യുഎഇയിലെ സർവകലാശാലകളില്‍ പഠിക്കുന്ന വിദ്യാഥികള്‍ക്ക് ഇളവ് പ്രയോജനപ്പെടുത്താം. നാലുവർഷം വരെ ഇളവ് ലഭിക്കും. അന്‍ഗാമിയില്‍ പാട്ടുകേള്‍ക്കാനാണെങ്കില്‍ 50 ശതമാനം വരെ ഇളവുണ്ട്.
9 ഇഷ്ട വസ്ത്രം വാങ്ങാം
എച്ച് ആൻഡ് എമ്മില്‍ വിദ്യാഥികള്‍ക്ക് 10 ശതമാനം ഇളവുണ്ട്. ബോസിനിയില്‍ 20 ശതമാനവും. ബോസിനിയുടെ ദുബായ് മാള്‍ ബ്രാഞ്ചിലാണ് ഇളവ് ലഭിക്കുക.
10 ഗോള്‍ഫും സ്കീ ദുബായും
വാരാന്ത്യത്തിൽ വിദ്യാഥികള്‍ക്ക് ടോപ് ഗോള്‍ഫില്‍ സണ്‍ഡെയ്സ് സ്ലിങ് ലഭിക്കും. നാല്‍പത് ദിർഹം വരെയാണ് ഇളവ്. രാത്രി 9 മണി മുതല്‍ ഇളവ് പ്രയോജനപ്പെടുത്താം.
സ്കീ ദുബായിൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും 'സ്റ്റുഡന്റ്സ് നൈറ്റുണ്ട്. വിദ്യാഥികൾക്ക് വൈകുന്നേരം 4 മണി മുതൽ മൂന്ന് മണിക്കൂർ പ്രവേശനം നല്‍കുന്നു. ചെയർലിഫ്റ്റുകൾക്കും ഡ്രാഗ്ലിഫ്റ്റുകൾക്കും മൂന്ന് മണിക്കൂർ പ്രവേശനം ലഭിക്കും. സൗജന്യ ലോക്കറും പ്രയോജനപ്പെടുത്താം.