കൊറിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സിയോളിലെത്തി
Mail This Article
അബുദാബി/ സിയോൾ ∙ രണ്ട് ദിവസത്തെ കൊറിയൻ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന്(ചൊവ്വ) സിയോളിലെത്തി. കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ക്ഷണത്തെ തുടർന്നാണ് സന്ദർശനം.
യുഎഇയും കൊറിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്യുമെന്ന് സമൂഹമാധ്യമ പോസ്റ്റിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞിരുന്നു. കൊറിയയുമായുള്ള യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തിന്റെ തോത് 2023-ൽ 19.4 ബില്യൻ ദിർഹത്തിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിവിധ മേഖലകളിൽ വളർന്നു കൊണ്ടിരിക്കുകയുമാണ്. സാമ്പത്തിക പങ്കാളിത്തത്തിലൂടെയും ആളുകൾ തമ്മിലുള്ള അടുത്ത ബന്ധത്തിലൂടെയും എല്ലാവർക്കും പ്രയോജനപ്പെടുന്ന കൂടുതൽ പുരോഗതി കൈവരിക്കാൻ ഇരു രാഷ്ട്രങ്ങളും ദൃഢനിശ്ചയമെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറിയൻ സന്ദർശനത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം ഷെയ്ഖ് മുഹമ്മദ് ഈ മാസം 30 ന് ചൈനയിലേയ്ക്ക് പോകും. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും കൂടുതൽ സഹകരണത്തിനുമുള്ള അവസരങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും. പ്രത്യേകിച്ച് സാമ്പത്തിക, വികസന, സാംസ്കാരിക മേഖലകളിലെ സഹകരണമായിരിക്കും ചർച്ച ചെയ്യുക.