ഡ്യൂട്ടി ഫ്രീ ടിക്കറ്റിന്റെ പേരിൽ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 10 ലക്ഷം രൂപ; യുഎഇയിൽ തട്ടിപ്പിന് തലവച്ചുകൊടുത്ത് മലയാളികൾ
Mail This Article
അബുദാബി∙ യുഎഇയിൽ ബോധവൽക്കരണവും മുന്നറിയിപ്പും ശക്തമാക്കിയിട്ടും സൈബർ തട്ടിപ്പിൽ കുടുങ്ങുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു. പെട്ടെന്ന് പണമുണ്ടാക്കാനുള്ള വ്യഗ്രതയാണ് ഇതിനു കാരണം. കുറഞ്ഞ നിരക്കിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റ് വാഗ്ദാനത്തിൽ ആകൃഷ്ടനായ മലയാളിക്ക് നഷ്ടപ്പെട്ടത് 10 ലക്ഷത്തിലേറെ രൂപയും (45,000 ദിർഹം). ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ടിക്കറ്റിന്റെ ആദായ വിൽപന പരസ്യമാണ് കണ്ണൂർ സ്വദേശിയെ കുടുക്കിയത്. 2 ടിക്കറ്റിന് ഒരെണ്ണത്തിന്റെ തുക നൽകിയാൽ മതി എന്നായിരുന്നു വാഗ്ദാനം.
ആനുകൂല്യം കുറഞ്ഞ സമയത്തേക്കാണെന്നും താൽപര്യമുണ്ടെങ്കിൽ ഉടൻ വാങ്ങണമെന്നും അറിയിച്ചതോടെ അവർ അയച്ചുകൊടുത്ത വെബ്സൈറ്റ് ലിങ്കിൽ പ്രവേശിച്ച് 2 ടിക്കറ്റ് വാങ്ങി. ഡെബിറ്റ് കാർഡ് നമ്പറും സിസിവി നമ്പറും ഒടിപിയും നൽകി പണമടച്ചു.
പിന്നീട് ഏതാനും ദിവസത്തിനു ശേഷം ലഭിച്ച ബാങ്ക് സ്റ്റേറ്റ്മെന്റ് കണ്ട് യുവാവ് ഞെട്ടി. 3 തവണയായി 10,000, 15,000, 20,000 എന്നിങ്ങനെ മൊത്തം 45,000 ദിർഹം അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ഈ 3 ഇടപാടുകളും താൻ നടത്തിയതല്ലെന്നുകാണിച്ച് ബാങ്കിൽ പരാതി നൽകി. സ്വന്തം ഡെബിറ്റ് കാർഡിന്റെ നമ്പറും സിസിവി നമ്പറും സുതാര്യത ഉറപ്പാക്കാനായി ബാങ്ക് മൊബൈലിലേക്കു തൽസമയം അയയ്ക്കുന്ന ഒടിപി നമ്പറും നൽകിയാണ് ഇടപാട് പൂർത്തീകരിച്ചതെന്നും ഇതിൽ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു മറുപടി.
ഓൺലൈൻ നടത്തുന്നതിന് മുൻപ് സുരക്ഷിത വെബ്സൈറ്റാണോ എന്ന് ഉറപ്പാക്കിയ ശേഷമേ വ്യക്തിഗത, ബാങ്ക് വിവരങ്ങൾ നൽകാവൂ.
വ്യാജ ലിങ്കുകളിൽ രേഖപ്പെടുത്തുന്ന ക്രെഡിറ്റ്/ഡെബിറ്റ് നമ്പർ, സിസിവി നമ്പർ, ഒടിപി തുടങ്ങി വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കുന്ന സംഘം അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് പണം തട്ടുകയാണ് പതിവ്.
തട്ടിപ്പുസംഘം ഫോൺ ഹാക്ക് ചെയ്യുകയോ ബാങ്കിലെ നമ്പർ മാറ്റുകയോ ചെയ്യുന്നതിനാൽ പിന്നീട് നടക്കുന്ന ബാങ്ക് ഇടപാട് വ്യക്തി അറിയില്ല. അതിനാൽ ഓൺലൈനിൽ ഏതൊരു ഇടപാട് നടത്തുമ്പോഴും ആവർത്തിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് സൈബർ വിദഗ്ധർ പറയുന്നു. വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിലും ബാങ്കിലും പരാതിപ്പെടണമെന്നും ഓർമിപ്പിച്ചു.