വീസ ആവശ്യങ്ങൾക്കുള്ള ആരോഗ്യ സേവനങ്ങൾ യുഎഇയിലെ ചില പൊതു ആരോഗ്യ കേന്ദ്രങ്ങൾ ജൂൺ 3 മുതൽ നിർത്തലാക്കും
Mail This Article
ഷാർജ∙ ജൂൺ 3 മുതൽ യുഎഇയിലെ ചില പൊതു ആരോഗ്യ കേന്ദ്രങ്ങൾ വീസ ആവശ്യങ്ങൾക്കും മറ്റുമുള്ള മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനാ സേവനം നിർത്തലാക്കുമെന്ന് വടക്കൻ എമിറേറ്റുകളിലെ ഹെൽത്ത് കെയർ സേവനങ്ങളുടെ ചുമതലയുള്ള എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അറിയിച്ചു. അജ്മാൻ പബ്ലിക് ഹെൽത്ത് സെന്‍റർ, റാസൽ ഖൈമ പബ്ലിക് ഹെൽത്ത് സെന്‍റർ, ഉമ്മുൽ ഖുവൈൻ പബ്ലിക് ഹെൽത്ത് സെന്‍റർ, ഫുജൈറ പബ്ലിക് ഹെൽത്ത് സെന്‍റർ എന്നിവിടങ്ങളിലാണ് സേവനം നിർത്തലാക്കുന്നത്. എല്ലാ പ്രവാസികൾക്കും യുഎഇ റസിഡൻസി വീസ ലഭിക്കുന്നതിന് മെഡിക്കൽ ഫിറ്റ്നസ് നിർബന്ധമാണ്.
ഇഎച് എസ് യു എ ഇ(#EHSUAE)യുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഓരോ എമിറേറ്റിന്‍റെയും മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനാ കേന്ദ്രങ്ങളിലൂടെ സേവനം ലഭ്യമാകും. സാംക്രമിക രോഗങ്ങളിൽ നിന്ന് മുക്തനാണെന്ന് തെളിയിക്കാൻ ഫിറ്റ്നസ് പരിശോധനയ്ക്ക് ശേഷം ആരോഗ്യ സർട്ടിഫിക്കറ്റ് ലഭിക്കുന്നു. അതിന് ശേഷം മാത്രമേ യുഎഇയിൽ താമസാനുമതി നേടാനോ പുതുക്കാനോ അനുവദിക്കുകയുള്ളൂ.
∙സമീപിക്കേണ്ട കേന്ദ്രങ്ങൾ ഇവയാണ്
വീസ ആവശ്യങ്ങൾക്കുള്ള മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിന് താഴെ പറയുന്ന കേന്ദ്രങ്ങൾ സന്ദർശിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
അജ്മാൻ: മുഷൈറഫ് റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ, അൽ നുഐമിയ റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ.
റാസൽഖൈമ: ദഹാൻ റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ, റാക്സ്( RAKZ) റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ
ഉമ്മുൽ ഖുവൈൻ: അൽ മദാർ റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ
ഫുജൈറ: അൽ അമൽ റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ, മിന ടവർ റസിഡൻസ് മെഡിക്കൽ എക്സാമിനേഷൻ സെന്‍റർ. ദുബായ്– മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെന്‍റർ, അൽ നഹ്ദ മെഡിക്കൽ ഫിറ്റ്നസ് സെന്‍റർ, ജബൽ അലി ഫ്രീ സോൺ മെഡിക്കൽ ഫിറ്റ്നസ് സെന്‍റർ.
സെന്‍ററുകളുടെ ലൊക്കേഷനുകളും അപോയിന്‍റ്മെന്‍റ് ബുക്കിങ് ഉൾപ്പെടെയുള്ള സേവനത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഇഎച് എസ്(EHS) വെബ്‌സൈറ്റ് സന്ദർശിക്കുക.