ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ
Mail This Article
ദുബായ് ∙ പരമ്പരാഗത സിഗരറ്റിന് പകരം ഇലക്ട്രോണിക് പുകവലി ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹൃദയ സംബന്ധമായ അസുഖങ്ങൾ, അർബുദം, പ്രമേഹം, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നാളെ (മേയ് 31) ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ, പുകയില ഉപയോഗം തടയുന്നതിനും പുകവലി രഹിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് അറിയിച്ചു.
∙ ഉൽപാദനവും വിതരണവും വെട്ടിക്കുറയ്ക്കാൻ നടപടികൾ
പുകയില ഉപയോഗം കുറയ്ക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു ദേശീയ പരിപാടിയും ഇതിലുൾപ്പെടുന്നു. 2005-ൽ പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ഫ്രെയിംവർക് കൺവെൻഷനിൽ യുഎഇ അംഗമായതായി മന്ത്രാലയം പറഞ്ഞു. മേഖലയിലും ആഗോളതലത്തിലും പുകയില നിയന്ത്രണ ശ്രമങ്ങളിൽ രാജ്യം പങ്കെടുക്കും.
പുകയില ഡിമാൻഡ് കുറയ്ക്കുന്നതിനൊപ്പം ഉൽപാദനവും വിതരണവും വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ കരാറിൽ ഉൾപ്പെടുന്നു. കൂടാതെ, പുകവലി വിരുദ്ധ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മന്ത്രാലയം നിയമനിർമാണം പുറപ്പെടുവിക്കുകയും എല്ലാ ഇലക്ട്രോണിക് പുകയില ഉൽപന്നങ്ങളിലും അതിൻ്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾക്കൊപ്പം 2009-ലെ 15-ാം നമ്പർ പുകയില നിയന്ത്രണ നിയമം നടപ്പിലാക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ഈ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ക്യാംപെയ്നുകൾ സംഘടിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.