പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിച്ചാൽ നാടുകടത്തലും വിലക്കും
Mail This Article
മക്ക ∙ ഹജ് സമയത്ത് അനുമതി പത്രമില്ലാതെ സുഹൃത്തുക്കളെയോ മറ്റുള്ളവരെയോ മക്കയിലേക്ക് കടക്കാൻ സഹായിക്കാൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരും. ഹജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് ഞായറാഴ്ച മുതൽ ശിക്ഷാനടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'അനുമതി ഇല്ലാതെ ഹജ് അരുത്' എന്ന പേരില്‍ നടന്നുവരുന്ന ക്യാംപെയ്നിന്‍റെ ഭാഗമായിട്ടാണ് നടപടി. അടുത്ത മാസം 20 വരെയാണ് മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമുള്ളത്.
ഹജ് പെർമിറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്ക് 10,000 റിയാൽ പിഴ നൽകേണ്ടിവരും. നിയമ ലംഘനം നടത്തുന്ന പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും സൗദിയിൽ വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ഹജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് ആറ് മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ലഭിക്കും.
നിയമ ലംഘകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനം നിയമനടപടികളിലൂടെ കണ്ടുകെട്ടും.വിദേശികളായ ഡ്രൈവർമാരെ ശിക്ഷാ നടപടികള്‍ക്കു ശേഷം സൗദിയില്‍ നിന്ന് നാടുകടത്തുകയും പുതിയ വീസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. മക്ക പ്രവിശ്യയിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ട് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്ന ഡ്രൈവർമാരെ കുറിച്ച് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.