തീരുവ കുറച്ച്, സഹകരണം കൂട്ടി യുഎഇ– ദക്ഷിണകൊറിയ കരാർ
Mail This Article
അബുദാബി/സോൾ ∙ ഇറക്കുമതി തീരുവ കുറയ്ക്കാനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും യുഎഇ–ദക്ഷിണ കൊറിയ ധാരണ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദക്ഷിണ കൊറിയ സന്ദർശനത്തിൽ ഇതുസംബന്ധിച്ച കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് യൂൻ സുക് യോൾ പറഞ്ഞു. സോളിൽ നടന്ന ലീഡേഴ്സ് ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു കരാർ ഒപ്പിട്ടത്. ആണവോർജം, പ്രതിരോധം, ഹൈഡ്രജൻ, സൗരോർജം തുടങ്ങിയ മേഖലകളിൽ ദക്ഷിണ കൊറിയൻ വ്യവസായങ്ങൾക്കായി യുഎഇ നേരത്തെ ഉറപ്പുനൽകിയ 3000 കോടി ഡോളറിന്റെ നിക്ഷേപ കരാറുകളിലും ഒപ്പുവച്ചു.
150 കോടി ഡോളർ വിലമതിക്കുന്ന 6 എൽഎൻജി കാരിയറുകൾ നിർമിക്കാൻ അബുദാബി നാഷനൽ ഓയിൽ കമ്പനി ഹാൻവാ ഓഷ്യൻ, സാംസങ് ഹെവി ഇൻഡസ്ട്രീസ് എന്നിവയുമായി കരാർ ഒപ്പിട്ടു. ഇരുരാജ്യങ്ങളും അംഗീകരിച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സെപ) വ്യവസായ മന്ത്രിമാർ ഒപ്പുവച്ചു. ഇതോടെ ആയുധം ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി തീരുവ നീക്കും. 2027ഓടെ ലോകത്തെ നാലാമത്തെ വലിയ പ്രതിരോധ കയറ്റുമതിക്കാരാകാനുള്ള പദ്ധതിയുടെ ഭാഗമായി ദക്ഷിണ കൊറിയ ആഗോള പ്രതിരോധ ഉപകരണ കരാറുകളിൽ ഒപ്പുവച്ചു. അടുത്ത ദശകത്തിൽ വാഹനങ്ങളുടെയും ക്രൂഡ് ഓയിലിന്റെയും ഇറക്കുമതി തീരുവ 90% ഒഴിവാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഇതോടെ യുഎഇയിൽ നിന്നുള്ള ദക്ഷിണ കൊറിയയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ചിയോങ് ഇൻ-ക്യോ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുമായും യുഎഇ സെപ കരാർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ.