വ്യാജ വാർത്ത: ഗതാഗത നിയമലംഘനങ്ങൾക്ക് 50% പിഴയിളവില്ല
Mail This Article
അബുദാബി ∙ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവുണ്ടെന്ന സമൂഹമാധ്യമ പ്രചാരണം തെറ്റാണെന്ന് അബുദാബി പൊലീസ്. പുതുതായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും നിലവിലെ ഇളവ് തുടരുമെന്നും വിശദീകരിച്ചു.
നിലവിൽ ഇളവ് 35%
ഗതാഗത നിയമലംഘന പിഴ രേഖപ്പെടുത്തിയതു മുതൽ 60 ദിവസത്തിനകം അടയ്ക്കുന്നവർക്ക് 35% ഇളവ് നിലവിലുണ്ട്. 2–12 മാസത്തിനിടെ അടയ്ക്കുന്നവർക്ക് 25% ഇളവ് ലഭിക്കും. ഗുരുതര നിയമലംഘനങ്ങൾക്കുള്ള പിഴയിൽ ഇളവില്ല.
എങ്ങനെ അടയ്ക്കാം
പൊലീസിന്റെ വെബ്‌സൈറ്റ്, സ്‌മാർട് ആപ്, താം ആപ് എന്നിവയിലൂടെ ഓൺലൈനായും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിൽ നേരിട്ടും പണം അടയ്ക്കാം. മുഴുവനും പണമില്ലാത്തവർക്ക് പലിശ രഹിത തവണകളായി പിഴ അടയ്ക്കാനും സൗകര്യമുണ്ട്. അബുദാബി കൊമേഴ്സ്യൽ ബാങ്ക്, അബുദാബി ഇസ്‌ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റഖ് ബാങ്ക്, എമിറേറ്റ്‌സ് ഇസ്‌ലാമിക് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പിഴ ലഭിച്ച് 2 ആഴ്ചയ്ക്കകം തവണകളാക്കാൻ ബാങ്കിൽ അപേക്ഷിക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിഴ അടച്ചാൽ സേവന ചാർജ് ഈടാക്കില്ല. പിഴ അടച്ച് ഫയൽ കുറ്റമറ്റതാക്കിയാലെ വാഹന റജിസ്ട്രേഷൻ പുതുക്കാനാവൂ.