'നടിയായതിനാൽ ശ്രദ്ധ കിട്ടുമെന്ന് ധാരണ, പ്രശ്നങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴച്ചത്': ആശ ശരത്ത്
Mail This Article
ദുബായ് ∙ താനുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ ദുഃഖമില്ലെങ്കിലും അനാവശ്യമായി ഇത്തരം വിഷയത്തിൽ ഉൾപ്പെട്ടത് സങ്കടകരമാണെന്നും നടിയും നർത്തകിയുമായ ആശ ശരത്ത് മനോരമ ഒാൺലൈനോട് പറഞ്ഞു. ആശ ശരത്തിന് ഒാഹരിയുള്ള കോയമ്പത്തൂർ ആസ്ഥാനമായുള്ള എസ്‌പിസിയുമായി ചേർന്ന് ഒാൺലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി രാജ്യം വിട്ടു എന്നും പ്രാണാ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നും ആരോപണമുന്നയിച്ചിരുന്നു. ദുബായിൽ നൃത്തപരിശീലന കേന്ദ്രങ്ങൾ നടത്തുന്ന ആശ ശരത്ത് ഇപ്പോൾ ഇവിടെയാണുള്ളത്. സ്പൈസസ് പ്രൊഡ്യൂസർ കമ്പനി (എസ്‌പിസി) ലിമിറ്റഡുമായുള്ള പ്രശ്നങ്ങളിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴച്ചതാണ്. നടിയാകുമ്പോൾ വിഷയത്തിൽ കൂടുതൽ ശ്രദ്ധ കിട്ടുമെന്നായിരിക്കാം ധാരണ.
ഇതിനിടെ പ്രശ്നത്തിൽ തന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നടി സമൂഹമാധ്യമ പേജിലൂടെ നന്ദിയും പറഞ്ഞു. ആ കുറിപ്പിങ്ങനെ:
കഴിഞ്ഞ ദിവസം ചില സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് എനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് ഹൃദയംകൊണ്ട് നന്ദി രേഖപ്പെടുത്തുന്നു.കാര്യങ്ങൾ അറിയാതെ നൊമ്പരപ്പെടുത്താൻ ശ്രമിച്ചവരോടും പരിഭവം തെല്ലുമില്ല ! ഒരു സ്ഥാപിത താല്പ്പര്യക്കാരെയും ഈ നാട് സംരക്ഷിച്ചിട്ടുമില്ല. ഇനിയം കൂടെയുണ്ടാകണം. ഇതോടൊപ്പം എസ്‌പിസി പുറത്തിറക്കിയ വാർത്താകുറിപ്പും ആശ ശരത്ത് പങ്കുവച്ചു.
അതേസമയം, എസ്‌പിസിയുമായി ആശ ശരത്തിന് യാതൊരു ബന്ധവുമില്ലെന്ന കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനി വാർത്താ കുറിപ്പും പുറത്തിറക്കി.
ദുബായിലെ ഖിസൈസ് ആസ്ഥാനമാക്കിയാണ് ആശ ശരത്തിന്റെ നൃത്താലയം പ്രവർത്തിക്കുന്നത്. മലയാളികളും ഇതര രാജ്യക്കാരുമായ ഒട്ടേറെ കുട്ടികളും മുതിർന്നവരും ഇവിടെ പഠിക്കുന്നു. അടുത്ത ദിവസം 850 കുട്ടികൾ പങ്കെടുക്കുന്ന നൃത്തപരിപാടി അവതരിപ്പിക്കാനുള്ള തിരക്കിലാണ് താരമിപ്പോൾ.