യുഎഇയിലേക്കുള്ള ടിക്കറ്റിന് ഇപ്പോൾ നിരക്ക് കുറവ്; നാട്ടിലേക്ക് മാനംമുട്ടും നിരക്ക്
Mail This Article
പതിവുപോലെ നാട്ടിലേക്കുള്ള വിമാനനിരക്ക് റൺവേ വിട്ട് ആകാശത്തെത്തിക്കഴിഞ്ഞു. ഇനി എത്ര ഉയരത്തിൽ പറക്കുമെന്നു മാത്രം നോക്കിയാൽ മതി. ഈ ദിവസങ്ങളിൽ വിമാനത്താവളങ്ങളിൽ നല്ല തിരക്കാണ്. കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ഒരുങ്ങുന്നു, സന്ദർശനത്തിന് എത്തിയ കുടുംബങ്ങൾ നാട്ടിലേക്കു മടങ്ങുന്നു. അതിനിടയിൽ നാട്ടിലെ തിരഞ്ഞെടുപ്പുഫലം ആഘോഷിക്കാൻ പോകുന്ന പ്രവാസി നേതാക്കളുമുണ്ട്. ആകെക്കൂടി ഒരു പൂരപ്പറമ്പിന്റെ ഫീലുണ്ട് വിമാനത്താവളത്തിൽ. ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലേക്കു പോകുന്നവരല്ലെങ്കിൽ വഴി തിരിഞ്ഞുപോകണമെന്ന് ട്രാഫിക് സൈൻ ബോർഡുകളിൽ ഇടയ്ക്കിടെ സന്ദേശങ്ങൾ തെളിയുന്നതിൽ നിന്നു മനസ്സിലാക്കാം അവിടത്തെ തിരക്ക്.
ആകെയുള്ള ആശ്വാസം യുഎഇയിലേക്കുള്ള മടക്കടിക്കറ്റിന് ഇപ്പോൾ നിരക്ക് കുറവാണെന്നതാണ്. ഈ മാസം അപ്പ് ആൻഡ് ഡൗൺ ടിക്കറ്റ് എടുത്താൽ 1600– 1800 ദിർഹം ചെലവ് വരും. അങ്ങോട്ടുള്ള ഉയർന്ന നിരക്കിനെ അൽപമെങ്കിലും മെരുക്കുന്നത് ഇങ്ങോട്ടുള്ള താഴ്ന്ന നിരക്കാണ്. അടുത്ത മാസമാകുമ്പോഴേക്കും കഥ മാറും. അങ്ങോട്ടും തിരിച്ചുമുള്ള ടിക്കറ്റ് വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്നാണ് സൂചന.
അതിനിടെ, തിരഞ്ഞെടുപ്പുഫലം എന്താകുമെന്ന് കാത്തിരിക്കുന്ന ഒട്ടേറെപ്പേർ ഇവിടെയുമുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടം കഴിയുന്നതോടെ എക്സിറ്റ് പോളുകളുടെ വരവാണല്ലോ. പ്രവാസ ലോകത്തും എക്സിറ്റ് പോളുകൾ സജീവമാണ്. ചെയ്ത വോട്ട്, ചെയ്യാത്ത വോട്ട്, ഇത്രയും നാളത്തെ തിരഞ്ഞെടുപ്പു പരിചയം എല്ലാം കൂട്ടിവച്ചാണ് പ്രവാസികൾ മത്സരഫലം തയാറാക്കുന്നത്. ദുബായിലെ ഒരു മുതിർന്ന പ്രവാസി സുഹൃത്ത് അൽപം മുൻപ് അദ്ദേഹത്തിന്റെ പ്രവചനം ഫോണിൽ അയച്ചുതന്നു, എൻഡിഎ 344, ഇന്ത്യാ മുന്നണി 200. കേരളത്തിൽ യുഡിഎഫ് 16, എൽഡിഎഫ് 2, എൻഡിഎ 2. അങ്ങനെ ഓരോരുത്തർക്കുമുണ്ട് കണക്കുകൂട്ടലുകൾ. പലരും ഫോണിലും ഡയറികളിലുമൊക്കെ ഫലം എഴുതി സൂക്ഷിച്ചിരിക്കുന്നു. 4ന് ഉച്ചയോടെ എഴുതിവച്ച തീയതി അടക്കം ഈ ഫലങ്ങളൊക്കെ ഇവർ പുറത്തുവിടും. ഇതിനു പുറമേ തിരഞ്ഞെടുപ്പുഫല വിദഗ്ധരുടെ യുട്യൂബ് ചാനലുകൾ കണ്ട് അതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളും സജീവമാണ്!
കേരളത്തിൽ യുഡിഎഫിന്റെ വിജയം ആഘോഷിക്കാനായി പല ഇൻകാസ് നേതാക്കളും നാട്ടിലേക്കു പുറപ്പെട്ടു കഴിഞ്ഞു. ഓർമ, മാസ് നേതാക്കൾ എൽഡിഎഫ് വിജയം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. ഇത്തവണ തിരഞ്ഞെടുപ്പിൽ വൻ മാറ്റം വരുമെന്നാണ് പ്രവാസികളുടെ പൊതുവേയുള്ള വിലയിരുത്തൽ. മുൻ തിരഞ്ഞെടുപ്പിലേതു പോലെ എൻഡിഎ മുന്നണിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് പ്രവാസികളുടെ പൊതുവിലയിരുത്തൽ.
ഇന്ത്യൻ തിരഞ്ഞെടുപ്പു ചർച്ചയിൽ വിദേശികളും പങ്കാളികളാണ്. ഇന്ത്യക്കാർക്കൊപ്പം ജോലി ചെയ്യുന്ന മറ്റു രാജ്യക്കാരാണ് തിരഞ്ഞെടുപ്പുഫലം അറിയാൻ കാത്തിരിക്കുന്ന ചിലർ. രാഷ്ട്രീയ പാർട്ടികളുടെ പേരിൽ ചേരിതിരിഞ്ഞു തർക്കിക്കുന്ന ഇന്ത്യക്കാരിൽ ആരൊക്കെ സന്തോഷിക്കുന്നുണ്ടെന്ന് അറിയാൻ അവർക്കും അതിയായ താൽപര്യമുണ്ട്.
കോൺഗ്രസിന്റെയും ബിജെപിയുടെയും സിപിഎമ്മിന്റെയുമൊക്കെ പക്ഷം പിടിക്കുന്ന ഫിലിപ്പീൻസിനെയും നൈജീരിയക്കാരെയും പാക്കിസ്ഥാനികളെയുമൊക്കെ ഈ ചർച്ചകളിൽ കാണാം. പടക്കം പൊട്ടിക്കാൻ അനുമതിയില്ലെങ്കിലും ലഡു വിതരണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പ്രവാസ ലോകത്തും ഉറപ്പാണ്.
തൃശൂർ, വടകര, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ മത്സരഫലമാണ് ഏറ്റവും ഉദ്വേഗജനകം. സ്വന്തം മണ്ഡലത്തിലെ ഫലത്തെക്കാൾ പ്രവാസികൾ അറിയാൻ ആഗ്രഹിക്കുന്നതും ഈ മണ്ഡലങ്ങളിലെ ഫലം തന്നെ. എന്തായാലും വരും ആഴ്ച പ്രവാസ ലോകത്തും തിരഞ്ഞെടുപ്പുഫലം തന്നെയായിരിക്കും മുഖ്യ ചർച്ചാവിഷയം.