പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ ഇന്നു മുതൽ പിഴ ഈടാക്കും
Mail This Article
റിയാദ് ∙ പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിച്ചാൽ ഇന്നു മുതൽ പിഴ ഈടാക്കി തുടങ്ങും. ഹജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്നവരിൽ നിന്നാണ് പിഴ ഈടാക്കുന്നത്. മക്ക നഗരം, സെൻട്രൽ ഏരിയ, പുണ്യസ്ഥലങ്ങൾ, ഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ, സ്ക്രീനിങ് സെന്ററുകൾ, താൽക്കാലിക സുരക്ഷാ ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും.
ജൂൺ 20 വരെ ഈനിയമം പ്രാബല്യത്തിലായിരിക്കും.
ഹജ് ചട്ടങ്ങൾ ലംഘിക്കുന്ന ആളുകളിൽ നിന്ന് 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പൊതു സുരക്ഷ അതോറിറ്റി അറിയിച്ചു. ഇത് ഹജ് പെർമിറ്റ് ഇല്ലാതെ മക്കയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ഇത് ബാധകമാണ്.
നിയമം ലംഘിക്കുന്ന താമസക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുകയും നിയമം അനുശാസിക്കുന്ന നിശ്ചിത കാലയളവിലേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. ആവർത്തിച്ച് നിയമം ലംഘിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും പൊതു സുരക്ഷ വകുപ്പ് വ്യക്തമാക്കി.
കൂടാതെ, ഹജ് നിയമലംഘകർക്ക് യാത്രാസൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നവർക്ക് 6 മാസം വരെ തടവും 50,000 റിയാൽ പിഴയുമാണ് ശിക്ഷ. അതോടൊപ്പം നിയമലംഘനത്തിന് ഉപയോഗിച്ച വാഹനം കണ്ടുകെട്ടുന്നതാണ്. നിയമലംഘനം നടത്തുന്ന താമസക്കാരനെ, ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും നിയമം അനുശാസിക്കുന്ന നിശ്ചിത കാലയളവിലേക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും