ദുബായിൽ ടെക്നോളജി സേവനവുമായി ബജാജ് ഫിൻസെർവ്
Mail This Article
ദുബായ് ∙ സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ബജാജ് ഫിൻസെർവ് ദുബായിൽ ടെക്നോളജി സേവന ബിസിനസ് ആരംഭിച്ചു. ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലാണ് ബജാജ് ടെക്നോളജി സർവീസിന്റെ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തിക സേവന മേഖലയിൽ ഡിജിറ്റൽവൽക്കരണത്തിന് നേതൃത്വം നൽകാൻ കഴിയുമെന്നു ബജാജ് ഫിൻസെർവ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് ബജാജ് പറഞ്ഞു. 2026 ആകുമ്പോഴേക്കും യുഎഇയുടെ ഡിജിറ്റൽ വിപണി 2000 കോടി ഡോളറിന്റെ ആസ്തി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യം മുൻനിർത്തിയാണ് യുഎഇ ആസ്ഥാനമാക്കി ഡിജിറ്റൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഡിജിറ്റൽ ഇക്കണോമിയിൽ 10 വർഷത്തിനുള്ളിൽ ബജാജ് ടെക്‌നോളജി സർവീസസ് 19.4% നേടുമെന്നും അദ്ദേഹം പറഞ്ഞു.
സൗകര്യപ്രദമായ ആപ്ലിക്കേഷനുകൾ, എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ, ഡാറ്റാ എൻജിനീയറിങ്, അനലെറ്റിക്‌സ്, ജനറൽ എഐ, ക്ലൗഡ് സേവനങ്ങൾ, ഡിജിറ്റൽ ഏജൻസി എന്നിവയിലാണ് സ്ഥാപനം സേവനം നൽകുക.