ADVERTISEMENT

അബുദാബി ∙ യുഎഇയ്ക്ക് ചുട്ടുപൊള്ളുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിനോട് അടുത്തതോടെ രാപകൽ ചൂടോട് ചൂട്. അൽഐനിലെ അൽറൗദയിൽ 49.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയാണ് മേയ് 31 വിടപറഞ്ഞത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ രേഖപ്പെടുത്തിയത് 45–48 ഡിഗ്രി സെൽഷ്യസും. അന്തരീക്ഷ ഈർപ്പം 100% ആയി ഉയരുന്നതും ഉഷ്ണം കൂട്ടും. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. അൽഐനിൽ ഇന്നലെ അനുഭവപ്പെട്ട കൂടിയ ചൂട് 48 ഡിഗ്രി സെൽഷ്യസായിരുന്നു. ഫുജൈറയിലും അൽഐനിലുമാണ് ഇന്നലെ കൂടിയ താപനില രേഖപ്പെടുത്തിയത്.  

സൂക്ഷിക്കണം10–4 വരെ
കടുത്ത ചൂടുള്ള സമയത്ത് സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയത്ത് പ്രത്യേകിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രായമായവരും കുട്ടികളും പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുന്നവർ കുട കരുതണം. സൺ ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്. അയഞ്ഞ പരുത്തി വസ്ത്രമാണ് ഉത്തമം.  

ഇന്ന് ചിലയിടത്ത് മൂടൽ മഞ്ഞ്
ഇന്ന് ചിലയിടങ്ങളിൽ മൂടൽ മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം. വേഗം കുറച്ചും അകലം പാലിച്ചും വാഹനമോടിക്കണമെന്നും ഓർമിപ്പിച്ചു. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകുന്നവരും കടലിൽ കുളിക്കാനിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നിറിയിപ്പുണ്ട്.

മുൻകാലങ്ങളിൽ 51.8 ഡിഗ്രി വരെ
വേനൽക്കാലങ്ങളിൽ യുഎഇയിൽ ചൂട് 50നോട് അടുക്കുന്നത് ആദ്യമല്ല. 2023 ജൂലൈ 16ന് അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ അൽ ദഫ്രയിൽ താപനില 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 2021 ജൂൺ ആറിന് അൽഐൻ സ്വൈഹാനിലും 2017ൽ മെസൈറിലും താപനില 51.8 ഡിഗ്രി സെൽഷ്യസ് ‍രേഖപ്പെടുത്തിയിരുന്നു.

വാഹനമോടിക്കാൻ അതീവശ്രദ്ധ
ചൂടുകാലത്ത് വാഹനമോടിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തണം. സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാണെന്ന് ഉറപ്പാക്കണം.  തേയ്മാനം സംഭവിച്ച കാലപ്പഴക്കമുള്ള ടയർ ഉപയോഗിക്കരുത്. രണ്ടാഴ്ചയിൽ ഒരിക്കൽ ടയറിലെ വായു പരിശോധിക്കണം. ചൂടു കാലത്ത് ഇന്ധന ടാങ്ക് മുഴുവനായും നിറയ്ക്കുന്നതും നല്ലതല്ല.

എസി ഓഫാക്കാം; പുറത്തിറങ്ങുമ്പോൾ
വേനൽക്കാലത്ത് പുറത്തു പോകുമ്പോൾ വീട്ടിലെ എ.സി ഓഫാക്കണം. എസി ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുക, ജനലും വാതിലും പൂർണമായും അടച്ചിടുക, ജനലിലെ കർട്ടൻ നീക്കാതിരിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

English Summary:

UAE weather: Temperature near 50 degree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com