ADVERTISEMENT

അബുദാബി ∙ സമുദ്രജീവികളെ അടുത്തറിയാൻ വിദ്യാർഥികളെ ക്ഷണിച്ച് അബുദാബി നാഷനൽ അക്വേറിയം. വർഷത്തിൽ 60,000 വിദ്യാർഥികൾക്കാണ്  അക്വേറിയം അവസരമൊരുക്കുന്നത്. പുതു തലമുറയിലെ പരിസ്ഥിതി സംരക്ഷകരാകാനായി വിദ്യാർഥികളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ആഴത്തിലുള്ളതും പ്രായോഗികവുമായ പഠനാനുഭവമാണ് സ്കൂൾ ട്രിപ്പിലൂടെ നൽകുന്നത്. സമുദ്രത്തെയും അതിലെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾക്ക് വിവരിച്ചുകൊടുക്കുന്നു. അത്ഭുത കാഴ്ചകൾ സമ്മാനിക്കുന്നതിനൊപ്പം ഭാവി തലമുറകളിൽ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 10 സോണുകളിലായി 300 ഇനത്തിൽപെട്ട 46000 കടൽ ജീവികളാണ് അക്വേറിയത്തിലെ കാഴ്ചകളെ സമ്പന്നമാക്കുന്നത്. കടൽജീവികളുടെ ജീവിത രീതിയും പുരധിവാസവുമെല്ലാം വിശദമായി വിദ്യാർഥികൾക്ക് വിവരിച്ചുകൊടുക്കുന്നു. ചില ജീവികളെ താലോലിക്കാനും തീറ്റകൊടുക്കാനും അവസരമുണ്ട്.

സാൻഡ് ടൈഗർ, ഹാമ്മർഹെഡ് ടൈഗർ ഷാർക്ക് തുടങ്ങി വംശനാശ ഭീഷണി നേരിടുന്നവയും ഇതുവരെ മറ്റെവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ അപൂർവം ഇനങ്ങളെയും ഇവിടെ കാണാം. കടലാമകളുടെ പുനരധിവാസ കേന്ദ്രത്തിൽ 2000 കടലാമകളെയും പാർപ്പിച്ചിരിക്കുന്നു. കിന്റർഗാർട്ടൻ മുതൽ ഹൈസ്‌കൂൾ വരെയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന 'പ്രൊഫസേഴ്‌സ് അക്കാദമി' എന്ന പേരിലുള്ള പരിപാടിയിൽ വിദ്യാർഥികൾക്ക് സംശയനിവാരണത്തിനും അവസരമുണ്ട്.

അക്വാ എക്സ്പ്ലോർ, അറേബ്യൻ നേച്ചർ, ഇക്കോ ലോജിക്, സൂപ്പർ അഡാപ്റ്റേഷൻ എന്നിങ്ങനെ 4 വിഭാഗമായി തിരിച്ചാണ് പര്യടനം. പാഠപുസ്കങ്ങളിൽ കേട്ടറിഞ്ഞ വിവിധ കാര്യങ്ങൾ കണ്ടറിയുന്ന പദ്ധതി വിദ്യാർഥികളും ആഘോഷമാക്കുകയാണ്. കടൽ ജീവികളുടെ രക്ഷാപ്രവർത്തനം, പുനരധിവാസം, വിട്ടയക്കൽ തുടങ്ങിയ സംരംഭങ്ങളും വിദ്യാർഥികൾക്ക് വിശദീകരിച്ചുകൊടുക്കുന്നു.

English Summary:

Abu Dhabi National Aquarium Invites Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com