ഗൂഗിൾ പേ ആക്ടിവേഷൻ തട്ടിപ്പിന് ഇരയായി മലയാളികളും: പണം പിൻവലിച്ചത് ഉസ്ബെക്കിസ്ഥാനിൽ നിന്ന്
Mail This Article
അബുദാബി ∙ യുഎഇയിൽ ഗൂഗിൾ പേ ആക്ടിവേഷന്റെ പേരിലും തട്ടിപ്പ്. ആക്ടിവേറ്റ് ചെയ്ത പലരുടെയും ബാങ്ക് അക്കൗണ്ട് കാലിയായി. പണം നഷ്ടപ്പെട്ടവരിൽ മലയാളികളുമുണ്ട്. യുഎഇയിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിക്ക് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടത്.
ഗൂഗിൾ പേ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് മഷ്റഖ് ബാങ്കിൽനിന്നു ലഭിച്ച സന്ദേശത്തിൽ ക്ലിക് ചെയ്ത് അനുമതി നൽകുക മാത്രമാണ് യുവാവ് ചെയ്തത്. ഉടൻ തന്നെ അക്കൗണ്ടിൽനിന്ന് 1000 ദിർഹം വീതം 5 തവണയായി 5000 ദിർഹം (1.18 ലക്ഷം രൂപ) പിൻവലിച്ച സന്ദേശം ലഭിച്ചു. ഉസ്ബെക്കിസ്ഥാനിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്.
ഉടൻ ബാങ്കിൽ പരാതിപ്പെട്ടു. താൻ യുഎഇയിൽ തന്നെയുണ്ടെന്നും പണം പിൻവലിച്ചിരിക്കുന്നത് ഉസ്ബെക്കിസ്ഥാനിൽനിന്നാണെന്നും ഇടപാട് പ്രോസസ് ചെയ്യരുതെന്നും അറിയിച്ചു. പെട്ടെന്നുതന്നെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടപ്പെട്ടില്ല. ബാങ്കിന്റെ നിർദേശം അനുസരിച്ച് ക്ലെയിം ഫോം പൂരിപ്പിച്ചു നൽകിയെങ്കിലും പണം തിരികെ ലഭിച്ചിട്ടില്ല.
ഗൂഗിൾ പേ ആക്ടിവേറ്റ് ചെയ്തതിനാലാണ് പണം നഷ്ടപ്പെട്ടതെന്നും ബാങ്കിന് ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ബാങ്ക് ഇതുവരെ ഗൂഗിൾ പേ സേവനം നൽകിത്തുടങ്ങിയിട്ടില്ല. ഇല്ലാത്ത സേവനം ആക്ടിവേറ്റ് ചെയ്യാൻ സന്ദേശം അയച്ചത് എന്തിനാണെന്നും ഓൺലൈൻ ഇടപാടിന് ഒടിപി ചോദിക്കാതിരുന്നത് ബാങ്കിന്റെ വീഴ്ചയല്ലേ എന്നും യുവാവ് ചോദിക്കുന്നു. അപ്പോഴും ഗൂഗിൾ പേ ആയതിനാൽ നടന്ന ഇടപാട് പ്രോസസ് ചെയ്യാതിരിക്കാനാകില്ലെന്ന മറുപടി മാത്രമാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. അക്കൗണ്ട് ഉടമയുടെ കാശിന്റെ ഉത്തരവാദിത്തം ബാങ്കിന് ഇല്ലെങ്കിൽ എന്ത് ഉറപ്പിലാണ് അക്കൗണ്ടിൽ പണം സൂക്ഷിക്കുക എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. തട്ടിപ്പുകാരോടൊപ്പമല്ല ഇടപാടുകാരുടെ സംരക്ഷണത്തിനാണ് ബാങ്ക് മുൻഗണ നൽകേണ്ടതെന്നും യുവാവ് പറഞ്ഞു. സമാനരീതിയിൽ മറ്റൊരു മലയാളിക്ക് നഷ്ടപ്പെട്ടത് 22,000 ദിർഹമണ്. എവിടെ പരാതി നൽകിയിട്ടും ഫലമില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ നിരുൽസാഹപ്പെടുത്തുമ്പോൾ പലരും പിന്തിരിയുകയാണ്. എന്നാൽ സെൻട്രൽ ബാങ്കിലും പൊലീസിലും പരാതിപ്പെട്ട് അന്വേഷണം തുടരുന്നവരുമുണ്ട്.