കുവൈത്തിൽ പുതിയ കിരീടാവകാശി ചുമതലയേറ്റു
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചത്.
മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് അന്നത്തെ കിരീടാവകാശി ഷെയ്ഖ് മിഷാൽ അമീറായി ചുമതലയേറ്റതോടെയാണ് പുതിയ കിരീടാവകാശിയെ തിരഞ്ഞെടുത്തത്. പിന്തുടർച്ചാവകാശ നിയമം അനുസരിച്ച് 71കാരനായ ഷെയ്ഖ് സബാഹ് ആയിരിക്കും കുവൈത്തിന്റെ അടുത്ത അമീർ.
2006–2019 വരെ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായും 2019–2022 വരെ പ്രധാനമന്ത്രിയുമായിരുന്നു. കോവിഡ് കാലത്ത് കുവൈത്തിലെ സ്വദേശികളെയും വിദേശികളെയും ചേർത്തുപിടിച്ച പ്രധാനമന്ത്രി എന്ന നിലയിലാണ് ഷെയ്ഖ് സബാഹ് കൂടുതൽ അറിയപ്പെടുന്നത്. അക്കാലത്ത് സ്വീകരിച്ച കരുതൽ, പ്രതിരോധ, സുരക്ഷാ നടപടികൾ വഴി ദുരിതവും മരണവും കുറയ്ക്കാനായി. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യത്തിന് മുൻഗണന നൽകിയിരുന്ന ഷെയ്ഖ് സബാഹ് അഴിമതിക്കാർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിച്ചതും കിരീടാവകാശി പദത്തിലേക്കുള്ള വഴി എളുപ്പമാക്കി.
അഴിമതി കേസിൽ മുൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി തുടങ്ങി ഒട്ടേറെ പ്രമുഖരെ ജയിലിലടച്ചതും ഇദ്ദേഹത്തിന്റെ ധീരമായ നടപടിയായിരുന്നു.
ഇതേസമയം, അഴിമതിക്കാരായ ചില പാർലമെന്റ് അംഗങ്ങളുടെ കുറ്റവിചാരണ പല തവണ നേരിടേണ്ടിവന്നതോടെ 2022ൽ പ്രധാനമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു ഷെയ്ഖ് സബാഹ്. ജിസിസി ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള ഊഷ്മള ബന്ധവും പുതിയ ദൗത്യത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.