ഹജ് തീർഥാടകരുടെ ആരോഗ്യസുരക്ഷയ്ക്ക് മികച്ച സൗകര്യങ്ങൾ
Mail This Article
മക്ക ∙ ഹജ് തീർഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പൂർണസജ്ജമായി മക്ക ആരോഗ്യവിഭാഗം. 18 അത്യാധുനിക ആശുപത്രികളും 126 ഹെൽത്ത് സെന്ററുകളുമാണ് തീർഥാടകരുടെ ആരോഗ്യപരിരക്ഷയ്ക്കായി മക്കയിൽ ഒരുക്കിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള ചികിത്സാസൗകര്യങ്ങളാണ് ലഭ്യമാക്കുക. അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലേക്കു മാറ്റുന്നതിന് 155 ആംബുലൻസുകളും പരിശീലനം നേടിയ ഉദ്യോഗസ്ഥരുമുണ്ട്.
24 മണിക്കൂറും സേവനം
അജ്‍യാദ് എമർജൻസി ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കും. അടിയന്തരഘട്ടങ്ങളിൽ സേവനം നൽകാൻ ഹറമിന് അകത്ത് തന്നെ 3 അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഹറം പള്ളിയുടെ വടക്കുഭാഗത്തായി ഹറം സീസണൽ ആശുപത്രിയും പ്രവർത്തനംതുടങ്ങിയിട്ടുണ്ട്.
ഹെൽത്ത് ക്ലസ്റ്ററിൽ 3,944 കിടക്കകൾ
മക്ക ഹെൽത്ത് ക്ലസ്റ്ററിനു കീഴിൽ 654 ഐസിയു ബെഡ് ഉൾപ്പെടെ 3,944 കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ആംബുലൻസ് മാതൃകയിൽ പ്രവർത്തനം നടത്താനായി ഒട്ടേറെ ബസുകളും അറഫയിലെ നമിറ ആശുപത്രിക്കു സമീപം സജ്ജീകരിച്ചിട്ടുണ്ട്. 14 ആംബുലൻസ് സംഘങ്ങൾ ഇവിടെയുണ്ടാകും. കാരുണ്യത്തിന്റെ മലയായ ജബൽ റഹ്മയിൽ എട്ടും മിനായിലെ ജംറ കോംപ്ലക്സിൽ പന്ത്രണ്ടും ആംബുലൻസ് ടീമുകൾ പ്രവർത്തിക്കും. പുണ്യകേന്ദ്രങ്ങളിലെ സ്ഥിരം ആരോഗ്യസേവന സംവിധാനങ്ങൾക്കു പുറമേയാണിത്.
അത്യാഹിത ചികിത്സ
അൽനൂർ സ്പെഷലിസ്റ്റ് ആശുപത്രി, കിങ് ഫൈസൽ ആശുപത്രി, കിങ് അബ്ദുൽഅസീസ് ആശുപത്രി, ഹിറ ആശുപത്രി, അജ്‍യാദ് ആശുപത്രി, മറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രി, കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി എന്നിവിടങ്ങളിലൊക്കെ അത്യാഹിത ചികിത്സയ്ക്ക് സൗകര്യമുണ്ട്. വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും സേവനത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.