ADVERTISEMENT

ദുബായ് ∙ സർഗാത്മകതയുടെ നിറച്ചാര്‍ത്തുമായി അൽഖൂസ് ക്രിയേറ്റീവ് സോണിന് മലയാളി ടച്ച്. ദുബായ് തെരുവുകളിൽ വേറിട്ട വർണവിസ്മയമൊരുക്കി ശ്രദ്ധേയനായ പാലക്കാട് സ്വദേശി ഷാഹുൽ ഹമീദാണ് ഇവിടെ ബൃഹത്തായ ചുമർ ചിത്രങ്ങളൊരുക്കുന്നത്.

വ്യവസായ മേഖലയായിരുന്ന അൽഖൂസിലെ വെയർ ഹൗസുകളിൽ മിക്കതും ആര്‍ട് ഗ്യാലറികളായി മാറിയ അപൂർവ കാഴ്ചകൾ ദുബായുടെ പ്രത്യേകതയാണ്. മലയാളികളുടേതടക്കം ഒട്ടേറെ ആർട് ഗ്യാലറികൾ ഇവിടെ വിജയകരമായി പ്രവർത്തിച്ചുവരുന്നു. സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്ന കലാ പ്രതിഭകളുടെയും സംരംഭകരുടെയും ആവശ്യകതകൾ നിറവേറ്റുന്ന ഒരു സംയോജിത ക്രിയേറ്റീവ് ഇക്കോസിസ്റ്റമാണ് ഇവിടെ യാഥാർഥ്യമാക്കുന്നതെന്ന് ഇതിന് നേതൃത്വം നൽകുന്ന ദുബായ് സാംസ്കാരിക വകുപ്പ് പറയുന്നു.

നിർമാണത്തിനും വിനോദത്തിനുമായി ഡിസൈനർമാരെയും പ്രതിഭകളെയും സ്വീകരിക്കുന്നതിനുള്ള ഒരു പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയിൽ ഇത് ഈ പ്രദേശത്തിന്റെ മൂല്യവും സൗന്ദര്യവും വർധിപ്പിക്കുന്നു. ദുബായ് ക്രിയേറ്റീവ് ഇക്കണോമി സ്ട്രാറ്റജിക്ക് അനുസൃതമായി ക്രമേണ ഒരു സർഗാത്മക ഇടമായി മാറുകയും ക്രിയേറ്റീവ് ബിസിനസ്സുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ, ലൈസൻസുകൾ, പെർമിറ്റുകൾ എന്നിവയുടെ സംയോജിത കേന്ദ്രമായി പ്രവർത്തിക്കുകയും ചെയ്യും. 

unique-wall-painting-in-streets-by-palakkad-native-shahul-hameed

∙  ഷാഹുലിന്റെ ക്രിയേറ്റീവ് ഹബ്
 ചിത്രരചനയോട് ചെറുപ്പത്തിലേ ഏറെ ഇഷ്ടമുണ്ടായിരുന്ന ഷാഹുൽ 18 വർഷം മുൻപ് തൊഴിൽ തേടിയാണ് യുഎഇയിലെത്തിയത്. ആദ്യം ചില കമ്പനികളില്‍ ജോലി ചെയ്തു. തുടർന്ന് ദുബായിലെ ഒരു അഡ്വർടൈസിങ് കമ്പനിയിൽ എട്ട് വർഷത്തോളം പ്രവർത്തിച്ച ശേഷം സ്വന്തമായി ഷാഹുൽ ആർട് ഗ്യാലറി എന്ന കമ്പനി റജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും ഗ്രാഫിറ്റി ആർട്ടിലാണ് ശ്രദ്ധപതിപ്പിച്ചത്. ദുബായിലെ തെരുവോരങ്ങളിൽ ഇന്ന് കാണുന്ന മനോഹരമായ ചിത്രങ്ങളിൽ ഭൂരിഭാഗവും ഇൗ ചെറുപ്പക്കാരനും കൂടെയുള്ള നാല് ചിത്രകാരന്മാരും ചേർന്ന് ഒരുക്കിയതാണ്. ചുമർചിത്രരചനയിൽ മ്യൂറലോ മറ്റേതെങ്കിലും പരമ്പരാഗത ശൈലിയോ താൻ പിന്തുടരുന്നില്ലെന്നാണ് പറയുക എങ്കിലും ഷാഹുലിന്റെ കടുംവര്‍ണ ചിത്രങ്ങൾ കണ്ടാൽ ഒറ്റനോട്ടത്തിൽ തന്നെ അത് തിരിച്ചറിയാൻ സാധിക്കും.

unique-wall-painting-in-streets-by-palakkad-native-shahul-hameed

സ്ട്രീറ്റ് ആർടിസ്റ്റ് എന്ന് തന്നെ സ്വയം പരിചയപ്പെടുത്താനാണ് ഷാഹുലിന് ഇഷ്ടം. ദുബായിലെ രാജ്യാന്തര കമ്പനികൾ, മാളുകൾ, ആഡംബര ഹോട്ടലുകൾ തുടങ്ങിയവയ്ക്ക് വേണ്ടിയും ഇദ്ദേഹം പ്രവർത്തിക്കുന്നു. 2007 മുതൽ ഒട്ടേറെ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഇതിൽ ഡ്രീമിങ് വിത് ദ് ലോട്ടസ് എന്ന ബുദ്ധന്റെ ചിത്രങ്ങളുടെ പരമ്പര വൻ വിജയമായി. മൗറീഷ്യസിലടക്കം കലാമേളയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ദുബായ് വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ ഭീമൻ മതിലിൽ ചിത്രം വരയ്ക്കാൻ വേണ്ടി നടത്തിയ മത്സരത്തിൽ നൂറിലേറെ പ്രമുഖ കലാകാരന്മാരെ പിന്നിലാക്കി ഷാഹുൽ ഒന്നാം സ്ഥാനം നേടിയതോടെ തലവര തെളിഞ്ഞു.

unique-wall-painting-in-streets-by-palakkad-native-shahul-hameed

ദുബായുടെ പഴമയും പുതുമയും ബഹുവർണമായി മതിലിൽ തെളിഞ്ഞപ്പോൾ അത് കാണുവാൻ സന്ദർശകപ്രവാഹമായി. തുടർന്ന് ഒട്ടേറെ സ്ഥാപനങ്ങളും മറ്റും ഇദ്ദേഹത്തെ തേടിയെത്തി. പാം ജുമൈറ ദ്വീപിന് സമീപത്തെ അൽ ഖവാനീജ് അടിപ്പാതയിൽ വരച്ച 600 മീറ്റർ നീളമുള്ള ചിത്രം, ആർട് ദുബായിലെ അവേയ്ക്കനിങ് എന്ന ചിത്രം, ദുബായ് സ്പേസ് സെന്ററിന് സമീപത്തെ ചിത്രം, ദുബായ് ബഹിരാകാശ കേന്ദ്രത്തിനായി വരച്ച ചിത്രം, അബുദാബിയിൽ സ്കൂൾ പരിസരത്ത് തീർത്ത യുഎഇ സ്ഥാപക പ്രസിഡന്റ്  അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കൂറ്റൻ പോർട്രെയിറ്റ് എന്നിവയും ശ്രദ്ധേയമായി. 

‌ഇതിന് ശേഷമാണ് ദുബായ് സാംസ്കാരിക വകുപ്പ് അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ ആർടിഎ ഒാവർബ്രിഡ്ജിൽ ഭീമൻ ചിത്രം വരയ്ക്കാൻ ഷാഹുലിനെ തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഡിസൈൻ അധികൃതർക്ക് സമർപ്പിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അൽ ഖൂസിനെ  പൂർണമായും  ഒരു ക്രിയേറ്റീവ് ഹബ്ബാക്കി മാറ്റുകയാണ് ദുബായ് സാംസ്കാരിക വകുപ്പ്. ഇതിന് തന്റേതായ നിറക്കൂട്ടൊരുക്കുന്ന ഷാഹുൽ വൈകാതെ പെയിന്റിങ് ആരംഭിക്കും. ഫോൺ:+971 50 224 3551.

English Summary:

Unique Wall Painting in Streets by Palakkad Native Shahul Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com