ഉറവിടം അജ്ഞാതം, അബുദാബിയിൽ നിരോധിച്ച് റോയൽ ഹണിയും കമാൻഡറും; ചില സൗന്ദര്യവർധക - പോഷക സപ്ലിമെന്റുകളും 'പുറത്ത്'
Mail This Article
അബുദാബി ∙ ഈ വർഷം തുടക്കം മുതൽ അബുദാബി ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ 116 വ്യാജ ഔഷധ ഉൽപന്നങ്ങൾ കണ്ടെത്തി. നിരോധിത പട്ടികയിൽപ്പെടുന്ന പോഷക സപ്ലിമെന്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഉത്തേജകങ്ങൾ, ശരീരഭാരം കുറയ്ക്കൽ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബോഡി ബിൽഡിങ്, ലൈംഗിക വർധന, ശരീരഭാരം കുറയ്ക്കൽ, സൗന്ദര്യവൽക്കരണം തുടങ്ങിയവയ്ക്കെന്ന് പറഞ്ഞു വിറ്റിരുന്ന മായം കലർന്നതോ കേടായതോ ആയ പോഷക സപ്ലിമെന്റുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ പട്ടികയിൽ 3,004 ഉൽപന്നങ്ങൾ കൂടി ഉൾപ്പെട്ടിരുന്നു. പൊതുജനങ്ങൾ ഉപയോഗിക്കുമ്പോൾ ഈ ഉൽപന്നങ്ങൾ ആരോഗ്യത്തിന് അപകടകരമാണ്. പ്രാദേശികവും രാജ്യാന്തര തലത്തിലുള്ളതുമായ ആരോഗ്യ സ്ഥാപനങ്ങൾ അവയുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
∙ റോയൽ ഹണി, ഹീറോ, പവർ, കമാൻഡർ; പേരുകൾ പലവിധം
പുതുക്കിയ പട്ടികയിൽ 2024 ജനുവരി 1 മുതൽ ജൂൺ 1 വരെ 116 ഉൽപ്പന്നങ്ങൾ ചേർത്തതായി ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പറഞ്ഞു.
∙ സൗന്ദര്യവർധക വിഭാഗത്തിലെ 14 ഉൽപന്നങ്ങൾ
∙ ശരീരഭാരം കുറയ്ക്കാനുള്ള 10 ഉൽപന്നങ്ങൾ
∙ ഉത്തേജകങ്ങൾ 40 തരം
∙ 52 മറ്റ് ഉൽപന്നങ്ങൾ
വ്യാജ ഉൽപന്നങ്ങളുടെ പേരുകൾ, അവയുടെ പാക്കേജിങ്ങിന്റെ ചിത്രങ്ങൾ, നിരോധനത്തിന്റെ കാരണം എന്നിവയും മന്ത്രാലയം പ്രസിദ്ധീകരിച്ചു. റോയൽ ഹണി, ഹീറോ, പവർ, കമാൻഡർ തുടങ്ങിയ പേരുകളുള്ള, അജ്ഞാത പദാർഥങ്ങൾ അടങ്ങിയതോ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്നതോ ആയ ഉൽപന്നങ്ങളിൽ ഭൂരിഭാഗവും എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.
∙ ജാഗ്രത പാലിക്കുക; അറിയിക്കുക
ഇത്തരം വ്യാജ ഉൽപന്നങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക. ഡോക്ടർമാരുടെ നിർദേശമനുസരിച്ചല്ലാതെ ഇവയൊന്നും വാങ്ങി ഉപയോഗിക്കരുത്. കൂടുതൽ അന്വേഷണങ്ങൾക്ക് 800424 എന്ന ഹോട്ട്‌ലൈൻ വഴിയോ PVE@doh.gov.ae എന്ന ഇ–മെയിൽ വഴിയോ ആരോഗ്യ വകുപ്പിലെ ഡ്രഗ് ഇൻഫർമേഷൻ സേവനവുമായി ബന്ധപ്പെടാം.