ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടിയുമായി ദുബായ് ഹെൽത്ത് അതോറിറ്റി
Mail This Article
ദുബായ്∙ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനായി ഈ വർഷം ആദ്യപാദത്തിൽ ആശുപത്രി, മെഡിക്കൽ സെന്‍റർ, ക്ലിനിക് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 150 ലൈസൻസുകൾ നൽകി ദുബായ് ഹെൽത്ത് അതോറിറ്റി. കൂടാതെ 49 ഫാർമസികൾ തുടങ്ങാനുള്ള ലൈസൻസും നൽകി. ഇതോടെ എമിറേറ്റിൽ ആരോഗ്യകേന്ദ്രങ്ങളുടെ എണ്ണത്തിൽ 9% വർധന രേഖപ്പെടുത്തി. ഈ ആരോഗ്യകേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നതിനായി 800ലേറെ ആരോഗ്യപ്രവർത്തകർക്കും ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസ് നൽകി.
രണ്ട് ആശുപത്രികൾ, 64 ഔട്ട്‌പേഷ്യന്‍റ് ക്ലിനിക്കുകൾ, 11 ഹോം ഹെൽത്ത് കെയർ സെന്‍റർ, 49 ഫാർമസികൾ, 17 ഒപ്റ്റിക്കൽ അസസ്‌മെന്‍റ് സെന്‍ററുകൾ, രണ്ട് ലബോറട്ടറികൾ, 3 റേഡിയോളജി ഡയഗ്‌നോസ്റ്റിക് സെന്‍റർ എന്നിവ ഉൾപ്പെടെ വിവിധ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾക്കാണ് ലൈസൻസ് നൽകിയത്. ഇതോടെ ദുബായിലെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 5020 ആയി ഉയർന്നു. 59,509 ആരോഗ്യ പ്രഫഷനലുകളും ഇവിടെ ജോലി ചെയ്തുവരുന്നു. ഇതിൽ ഹെൽത്ത് അതോറിറ്റി ലൈസൻസുള്ള ഡോക്ടർമാരുടെ എണ്ണം 13,370 ആയി ഉയർന്നു. ഡെന്‍റൽ ഡോക്ടർമാർ 4,162, നഴ്‌സിങ്, മിഡ്‌വൈഫറി 23,134 എന്നിവരും ഉൾപ്പെടും.