ADVERTISEMENT

അബുദാബി ∙ ഓൺലൈനിലൂടെ ബസ് കാർഡ്, ഇത്തിസലാത്ത്, ഡു കമ്പനികളുടെ പ്രീപെയ്ഡ് കാർഡ് എന്നിവ റീചാർജ് ചെയ്യാൻ ശ്രമിക്കുന്നവരും സാധനങ്ങൾ വാങ്ങുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ. സുരക്ഷിത വെബ്സൈറ്റാണെന്ന് ഉറപ്പാക്കിയ ശേഷമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകാവൂ. തിടുക്കത്തിൽ ഏതെങ്കിലും വെബ്സൈറ്റിലൂടെ റീചാർജ് ചെയ്യാൻ ശ്രമിച്ച മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

അബുദാബി പബ്ലിക് ബസിൽ ഉപയോഗിക്കുന്ന ഹാഫിലാത് കാർഡ് 50 ദിർഹത്തിന് (1136 രൂപ) റീ ചാർജ് ചെയ്യാൻ ശ്രമിച്ച തൃശൂർ സ്വദേശിക്കാണ് 86,380 രൂപ (3800 ദിർഹം) നഷ്ടമായത്. യുഎഇയിലെ ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായ ഇദ്ദേഹം  ഗൂഗിളിൽ സേർച് ചെയ്ത് ആദ്യം കിട്ടിയ വെബ്സൈറ്റിൽ പ്രവേശിച്ച് റീ ചാർജ് ചെയ്യുകയായിരുന്നു. 

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 50 ദിർഹം അടച്ചു. സാധാരണ ഓൺലൈൻ വഴിയുള്ള എത്ര ചെറിയ ഇടപാടിനും ഒടിപി ചോദിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. സംശയം തോന്നിയ യുവാവ് ബാങ്കിൽനിന്നുള്ള എസ്എംഎസ് സന്ദേശം പരിശോധിച്ചപ്പോഴാണ് 3800 ദിർഹം നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഹാഫിലാത് കാർഡിൽ പണം ക്രെഡിറ്റ് ആയതുമില്ല. 

ഉടൻ ബാങ്കിൽ വിളിച്ച് പരാതിപ്പെട്ടു. ഒടിപി നൽകാതെ ഇത്രയും തുകയുടെ ഇടപാട് നടത്തുന്നത് ബാങ്കിന്റെ സുരക്ഷിതമില്ലായ്മല്ലേ എന്നാണ് യുവാവ് ചോദിക്കുന്നത്. പരാതി റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പണം വീണ്ടെടുക്കാനാകുമോ എന്ന കാര്യം അറിയാനായി 90 പ്രവൃത്തി ദിവസം കാത്തിരിക്കാനുമായിരുന്നു ബാങ്കിന്റെ മറുപടി. സമാന രീതിയിൽ എൻപിസിസിയിൽ ജോലി ചെയ്യുന്ന കോഴിക്കോട്ടുകാരന് 18,000 ദിർഹമാണ് നഷ്ടപ്പെട്ടത്. സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തട്ടിപ്പുകളുമായി വലവീശുമ്പോൾ ഇരയാകാതിരിക്കാൻ സ്വന്തം നിലയ്ക്കും ജാഗ്രത പാലിക്കണമെന്നും സൈബർ വിദഗ്ധർ പറയുന്നു.

പരസ്യം പോലെ വ്യാജ സൈറ്റുകൾ ഓൺലൈൻ ഇടപാടുകൾക്ക് ഒടിപി ചോദിച്ചില്ലെങ്കിൽ  ജാഗ്രത വേണം
വ്യാജ സൈറ്റുകളിൽ നൽകുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ശേഖരിച്ചുവച്ചാണ് തട്ടിപ്പുകാർ പണം കവരുന്നതെന്ന് സൈബർ വിദഗ്ധർ. കാർഡ് വിവരങ്ങൾ ആപ്പിൾ/ഗുഗിൾ പേ ഉപയോഗിച്ച് വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടും. ഇടപാട് നടത്തുമ്പോൾ യഥാർഥ ഉടമയ്ക്ക് ഒടിപി ലഭിക്കാതിരിക്കാനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. അതിനാൽ ചതിയിൽ വീണത് യഥാസമയം അറിയാതെ പോകുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് ലഭിക്കുമ്പോഴാണ് പലരും വിവരം അറിയുന്നത്. പരാതിപ്പെടാനുള്ള കാലതാമസം പണം വീണ്ടെടുക്കാനുള്ള സാധ്യത ഇല്ലാതാക്കും.

വ്യാജ വെബ്സൈറ്റുകൾ പരസ്യം പോലെയാക്കി ഗൂഗിൾ സെർച്ചിൽ ആദ്യം വരുന്ന വിധമാക്കുന്ന പ്രവണതയുണ്ട്. അതിനാൽ സെർച് ചെയ്യാതെ അതതു സ്ഥാപനത്തിന്റെ അസ്സൽ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ഇടപാട് നടത്തണം. 

പാസ്‌വേഡുകൾ എഴുതിവയ്ക്കേണ്ട
ഓൺലൈൻ ഇടപാടിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്തുവയ്ക്കുന്നതും അപകടമാണ്. ഇങ്ങനെ സേവ് ചെയ്ത് വച്ചാൽ പിന്നീടുള്ള ഇടപാടിനു ഒ.ടി.പി ചോദിക്കില്ല. തട്ടിപ്പുകാർ ഇതു മുതലാക്കി ഇടപാട് തുടരുന്നത് അറിയാതെ പോകും. അതിനാൽ അക്കൗണ്ട് വിവരങ്ങളും പാസ്‍വേർഡും എവിടെയും എഴുതിവയ്ക്കരുത്. ഇവ അതീവ രഹസ്യമായി സൂക്ഷിക്കണം. മറ്റാർക്കും കൈമാറാനും പാടില്ല.

പൂട്ടിയ ലോക്കുണ്ടെങ്കിൽ വെബ്സൈറ്റ് സുരക്ഷിതം 
എച്ച്.ടി.ടി.പി.എസ് (https://) എന്നു തുടങ്ങുന്ന വെബ്സൈറ്റിൽ അഡ്രസ് ബാറിനു സമീപത്തുള്ള ചിഹ്നത്തിൽ ക്ലിക് ചെയ്ത് പൂട്ടിയ ലോക്കിന്റെ ചിഹ്നം കാണുന്നുണ്ടെങ്കിൽ ഇടപാട് സുരക്ഷിതമാണെന്നു മനസ്സിലാക്കാം. 

ഇത്തരം സൈറ്റുകളിൽ വ്യക്തികൾ നൽകുന്ന കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡായാണ് കൈമാറുക. അതിനാൽ കൃത്രിമം കുറവായിരിക്കും. എന്നാൽ വെറും എച്ച്.ടി.ടി.പി (http) മാത്രമുള്ള തുറന്ന പൂട്ടിന്റെ ചിഹ്നമുള്ള സൈറ്റുകൾ സുരക്ഷിതമല്ല. വെബ്സൈറ്റിൽ പ്രവേശിച്ച് ഇക്കാര്യം പരിശോധിച്ച ശേഷമേ വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ നൽകാവൂ.

ഫോൺ, കംപ്യൂട്ടർ അപ്ഡേറ്റ് ചെയ്യണം
സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കംപ്യൂട്ടറും മൊബൈൽ ഫോണും സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യണം. വിവിധ സോഫ്‌റ്റ്‌വെയറുകളും അപ്‌ഡേറ്റ് ചെയ്യാൻ മറക്കരുത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ ഏറ്റവും പുതിയ സുരക്ഷാ പരിരക്ഷ ലഭ്യമാകില്ല. കംപ്യൂട്ടറിലും ഫോണിലുമുള്ള വിലപ്പെട്ട വിവരങ്ങളും രേഖകളും മറ്റും നഷ്ടമാകുകയും ചെയ്യും.

അപരിചിതരോട് ചങ്ങാത്തം വേണ്ട
സംശയകരമായി എത്തുന്ന ഫോൺ വിളികൾക്കും എസ്എംഎസിനും ഇമെയിലിനും മറുപടി നൽകരുത്. വ്യക്തിഗത, ബാങ്ക് വിവരങ്ങൾ, എമിറേറ്റ്സ് ഐഡി എന്നിവ അപ്ഡേറ്റ് സന്ദേശങ്ങളോടൊപ്പം ലഭിക്കുന്ന ലിങ്കിൽ പ്രവേശിക്കരുത്. വ്യക്തിഗത, ബാങ്കിങ് രഹസ്യ വിവരങ്ങളും കൈമാറാൻ പാടില്ല. സംശയാസ്പദമായ ലിങ്കുകളിൽ നിന്നോ വിശ്വാസ യോഗ്യമല്ലാത്ത മൂന്നാം കക്ഷി സേവന ദാതാക്കളിൽനിന്നോ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

പൊതു വൈഫൈ സുരക്ഷിതമല്ല
പൊതുവൈഫൈ ഉപയോഗിച്ച് ബാങ്കിങ്, ഓൺലൈൻ ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമല്ല. വിവരങ്ങൾ ചോരാനിടയാക്കും. അക്കൗണ്ടിലെ ബാലൻസും നടത്തിയ ഇടപാടുകളും ഇടയ്ക്കിടെ പരിശോധിക്കണം. വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ ഉടനടി ബാങ്കിനെ അറിയിക്കുക.

നമ്പർ മാറിയാൽ അറിയിക്കണം
ഉപയോഗിച്ചിരുന്ന ഫോൺ നഷ്ടപ്പെട്ടാലും മൊബൈൽ നമ്പർ മാറ്റിയാലും മേൽവിലാസം മാറിയാലും വിവരം യഥാസമയം ബാങ്കിനെ അറിയിക്കണം. നിയമവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും ബാങ്കിനെയും പൊലീസിനെയും ഉടൻ അറിയിക്കണം.  

പരാതിപ്പെടാം
∙ അബുദാബി:
aman@adpolice.gov.ae
ഫോൺ: 80012, 11611
വെബ് സൈറ്റ്: www.ecrime.ae
ദുബായ്: ‌
ഫോൺ: 999, 
ടോൾഫ്രീ-8002626,
എസ്എംഎസ് 2828.
ഷാർജ:
ഫോൺ 065943228
വെബ്സൈറ്റ്: tech_crimes@shjpolice.gov.ae.
വിവരങ്ങൾക്ക് കടപ്പാട്:
ഇല്യാസ് 
കൂളിയങ്കാൽ
സൈബർ വിദഗ്ധൻ 

English Summary:

A Malayali man lost 3,800 dirhams after recharging his bus card through a fake website

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com