ബലിപെരുന്നാൾ: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ദുബായ് എക്സ്പോ സിറ്റിയിലേക്ക് പ്രവേശനം സൗജന്യം
Mail This Article
ദുബായ് ∙ ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ച് 12 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് ദുബായ് എക്സ്പോ സിറ്റിയിലെ എല്ലാ പവലിയനുകളിലേക്കും മറ്റു പരിപാടികളിലേയ്ക്കും സൗജന്യ പ്രവേശനം. ടെറയുടെ ഇൻഡോർ പ്ലേ ഏരിയ, ടാഖ ദ്വീപ് എന്നിവയുൾപ്പെടെയുള്ള കേന്ദ്രങ്ങളിലേയ്ക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മുതിർന്നവർക്ക് 50 ദിർഹത്തിന് പവലിയൻ ടിക്കറ്റ് അല്ലെങ്കിൽ ആകർഷകമായ മറ്റു പരിപാടികളിലേയ്ക്കുള്ള 120 ദിർഹത്തിന്റെ പാസ് വാങ്ങിക്കാം. എല്ലാ സന്ദർശകർക്കും തിരഞ്ഞെടുത്ത ഭക്ഷണകേന്ദ്രങ്ങളിലേയ്ക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. സർക്കാർ പൊതു അവധി ദിനങ്ങളുടെ പട്ടിക പ്രകാരം യുഎഇയിലുള്ളവർക്ക് അറഫ ദിനത്തിൽ ഒരു ദിവസത്തെ അവധിയും ബലിപെരുന്നാളിന് മൂന്ന് ദിവസത്തെ അവധിയും ലഭിക്കും.
∙ വേനൽക്കാല പ്രവർത്തന സമയം അറിയാം
എക്‌സ്‌പോ സിറ്റി ദുബായ് വേനൽക്കാലത്ത് തുറക്കുന്ന സമയം: ഇൗ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ടെറ, അലിഫ്, വിഷൻ, വിമൻസ് പവലിയനുകൾ, കൂടാതെ എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം, സ്‌റ്റോറീസ് ഓഫ് നേഷൻസ് എക്‌സിബിഷനുകൾ എന്നിവ തിങ്കൾ-വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി 8 വരെയും തുറന്നിരിക്കും. ഗാർഡൻ ഇൻ ദ് സ്കൈ, റാഷിദ്– ലത്തീഫ കളിസ്ഥലങ്ങൾ ദിവസവും വൈകിട്ട് 5 മുതൽ 10 വരെയാണ് തുറക്കുക.
ജൂൺ 1 മുതൽ ഒക്ടോബർ 1 വരെ അൽ വാസൽ ഡോമിന്റെ പ്രൊജക്ഷൻ പ്രവർത്തിക്കില്ല. ജലവും ഊർജവും സംരക്ഷിക്കുന്നതിനായി സർറിയൽ വാട്ടർ ഫീച്ചർ ജൂലൈ 1 മുതൽ സെപ്റ്റംബർ 15 വരെയും ഗാർഡൻ ഇൻ സ്കൈ ജൂലൈ 1 മുതൽ ഓഗസ്റ്റ് 15 വരെ വാർഷിക അറ്റകുറ്റപ്പണികൾക്കായും അടച്ചിടും.
∙ വേനൽക്കാലത്ത് അടിച്ചുപൊളിക്കാം
എക്‌സ്‌പോ സിറ്റി ദുബായ് ടെറ പവലിയനിൽ ജൂലൈ 8 മുതൽ ഓഗസ്റ്റ് 23 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ സമ്മർ ക്യാംപ് ഉണ്ടായിരിക്കും. കുട്ടികൾക്ക് റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി എന്നിവയെക്കുറിച്ച് പഠിക്കാനും ഫിറ്റ്‌നസ്, ആർട്ട്, ക്രാഫ്റ്റ് എന്നിവ ആസ്വദിക്കാനും പ്രാദേശിക ആകർഷണങ്ങളിലേയ്ക്കുള്ള ഫീൽഡ് ട്രിപ്പുകൾ ആസ്വദിക്കാനും കഴിയും.